തിരുവനന്തപുരം
പറവൂരിലെ പുനർജനി പദ്ധതിക്കുവേണ്ടി അനുവാദമില്ലാതെ വിദേശത്തു പോയതും അവിടെ നടന്ന ചടങ്ങിൽ പണം ആവശ്യപ്പെട്ടതും പ്രതിപക്ഷ നേതാവ് വി ഡി സതീശന് കുരുക്കാകും. രണ്ടിനും തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ ഇതിനായി പദവി ദുരുപയോഗം ചെയ്തതിലും നിയമലംഘനത്തിലും ഊന്നിയാകും വിജിലൻസ് അന്വേഷണം.
പ്രളയബാധിതർക്കായി വിദേശത്തു പോയി പണം പിരിക്കാൻ വി ഡി സതീശന് അനുവാദം കൊടുത്തിട്ടില്ലെന്ന് വിദേശ മന്ത്രാലയം 2020 ഒക്ടോബർ 21ന് ജയ്സൺ പാനിക്കുളങ്ങരയ്ക്ക് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയിട്ടുണ്ട്. കേരളത്തിലെ പ്രളയബാധിതർക്കായി നിങ്ങൾ 500 പൗണ്ട് വീതം സംഭാവന നൽകണമെന്ന് ബർമിങ്ഹാമിൽ പ്രസംഗിക്കുന്ന വീഡിയോ സതീശൻ തന്നെ ഫെയ്സ്ബുക്കിൽ ഇട്ടിരുന്നു. യാത്ര വിവാദമായപ്പോൾ പണം പിരിച്ച കാര്യം വാർത്താസമ്മേളനത്തിൽ സമ്മതിക്കുകയും ചെയ്തു.
പ്രളയബാധിതരെ സഹായിക്കാനായി ആരും വിദേശത്തു പോയി പണം പിരിക്കേണ്ട എന്ന് കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും പ്രഖ്യാപിച്ചിരുന്നു. ഒട്ടേറെ വാഗ്ദാനം ഉണ്ടായിട്ടും സംസ്ഥാന സർക്കാർ പ്രതിനിധികൾ പോയതുമില്ല. പ്രവാസികൾ അറിഞ്ഞു നൽകിയ സഹായമാണ് സ്വീകരിച്ചത്. എന്നാൽ, വി ഡി സതീശൻ ഇതെല്ലാം മറികടന്ന് വിദേശത്തു പോയി പണം ആവശ്യപ്പെടുകയായിരുന്നു.
നിയമസഭയിൽ ഇതുസംബന്ധിച്ച ചർച്ചയിൽ 81 തവണ വിദേശയാത്ര നടത്തിയത് എന്തിനെന്നും പിരിച്ച പണം എത്രയെന്നും ചെലവഴിച്ചത് എങ്ങനെയെന്നും ചോദ്യമുയർന്നിരുന്നു. കാലാവസ്ഥാവ്യതിയാനം പഠിക്കാനാണ് പോയത് എന്നായിരുന്നു സതീശന്റെ മറുപടി.
വി ഡി സതീശന് വിദേശയാത്രയ്ക്ക് അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ