കൊച്ചി > വലിച്ചെറിയുന്ന കുപ്പികൾ ശേഖരിക്കാൻ ബോട്ടിൽ ബൂത്തുമായി കൊച്ചി നഗരസഭ. വിനോദസഞ്ചാര കേന്ദ്രങ്ങളിലും അനുബന്ധ ഇടങ്ങളിലും വെള്ളം കുടിച്ച കുപ്പികൾ വലിച്ചെറിയുന്നത് പതിവുകാഴ്ചയാണ്. ഈ കുപ്പികൾ കാനകളിലും ഓടകളിലും കെട്ടിക്കിടക്കുന്നതും പതിവാണ്. ഇതിന് പരിഹാരമായി കേരളത്തിൽ പലയിടത്തും നടത്തുന്ന പ്രവർത്തനങ്ങളുടെ മാതൃകയിൽ ബോട്ടിൽ ബൂത്ത് ഒരുക്കിയിരിക്കുകയാണ് നഗരസഭ.
ഇനിമുതൽ ഉപയോഗശൂന്യമായ കുപ്പികൾ, ശീതളപാനീയങ്ങളുടെ കുപ്പികൾ എന്നിവ വലിച്ചെറിയേണ്ടതില്ല. സുഭാഷ് പാർക്കിനോടുചേർന്ന് രണ്ട് ബോട്ടിൽ ബൂത്തുകൾ കൊച്ചി നഗരസഭ വെള്ളിയാഴ്ച സ്ഥാപിച്ചു. ശുചിത്വമിഷന്റെ മേൽനോട്ടത്തിലാണ് ബൂത്ത് സജ്ജീകരിച്ചത്. ഇത്തരത്തിൽ മാതൃകാപരമായി ഓരോ ഡിവിഷനിലും അഞ്ചെണ്ണംവീതം സ്ഥാപിക്കുമെന്ന് മേയർ എം അനിൽകുമാർ അറിയിച്ചു. ഇത് നിറയുന്നമുറയ്ക്ക് ഹരിതകർമസേന, ആരോഗ്യവിഭാഗത്തിന്റെ മേൽനോട്ടത്തിൽ റീസൈക്കിൾ ചെയ്യാൻ കൈമാറും. ഉദ്ഘാടന ചടങ്ങിൽ കൗൺസിലർ പത്മജ എസ് മേനോൻ പങ്കെടുത്തു.