തിരുവനന്തപുരം> കൊച്ചിയിലും സിറ്റി സർക്കുലർ സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി. ആദ്യഘട്ടത്തിൽ 30 ഇലക്ട്രിക് ബസുകളുണ്ടാകും. ഉടൻ റൂട്ടുകൾ നിശ്ചയിക്കും. തിരുവനന്തപുരത്തെ സിറ്റി സർക്കുലർ പൂർണമായും ഇലക്ട്രിക് ബസുകളാകും. സ്മാർട്ട് സിറ്റി പദ്ധതി വഴി 113 ഇലക്ട്രിക് ബസുകളാണ് കെഎസ്ആർടിസിക്ക് ലഭിക്കുക. ഇതിൽ നാലെണ്ണം വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തി. ഐഷറിന്റെ ബസുകളാണിത്. വൈകാതെ മറ്റുള്ളവയും എത്തും. സർക്കുലർ സർവീസ് സ്വിഫ്റ്റിന് കീഴിലാണ്.
ഇലക്ട്രിക് ബസുകൾ വാങ്ങാൻ നൂറുകോടി രൂപയാണ് അനുവദിച്ചത്. ഐഷറിന് പുറമേ അശോക് ലൈലാൻഡിന്റെയും ബെൻസിന്റെയും ബസുകളുമുണ്ട്. ഇവ എത്തിയശേഷം നിലവിലെ 30 ഇലക്ട്രിക് ബസുകൾ കൊച്ചിയിലേക്ക് മാറ്റും. തിരുവനന്തപുരത്ത് നിലവിൽ 50 ഇലക്ട്രിക് ബസടക്കം 62 ബസുണ്ട്. 12 ഡീസൽ ബസുകൾ മറ്റ് സർവീസിനായി ഉപയോഗിക്കും.
ലാഭം 25 ലക്ഷമാകും
നിലവിൽ 50 സിറ്റി സർക്കുലർ ബസുകളിൽനിന്നായി കെഎസ്ആർടിസിക്ക് ഒരുമാസത്തെ ലാഭം 14 ലക്ഷം രൂപയാണ്. ബസുകളുടെ എണ്ണം 133 ആയി ഉയരുമ്പോൾ അത് 25 ലക്ഷമായി ഉയരും. 62 ബസുകളിലായി പ്രതിദിനം ശരാശരി 41,000 പേർ യാത്ര ചെയ്യുന്നുണ്ട്. ടിക്കറ്റ് നിരക്ക് 10 രൂപയാണ്. 50 രൂപയുടെ ഗുഡ് ഡേ ടിക്കറ്റ് എടുത്താൽ 24 മണിക്കൂറും ദൂരപരിധിയില്ലാതെ യാത്ര ചെയ്യാം. 30 രൂപയുടെ ടുഡേ ടിക്കറ്റും ലഭ്യമാണ്. ഇതിൽ 12 മണിക്കൂർ പരിധിയിൽ ഏത് ബസിലും റൂട്ടിലും സഞ്ചരിക്കാം.