തിരുവനന്തപുരം> വിദേശ മലയാളികളുടെ കൂട്ടായ്മയ്ക്കും അവരുടെ ആവശ്യങ്ങൾ അറിഞ്ഞ് വേണ്ട നടപടികൾ സ്വീകരിക്കാനും അവസരമൊരുക്കുന്ന ലോക കേരളസഭ പൊളിക്കാൻ ശ്രമം. എൽഡിഎഫ് സർക്കാർ മുൻകൈയെടുത്ത് നടത്തുന്ന ഏത് പരിപാടിക്കുമെതിരെ നടത്തുന്നതുപോലെ, പണപ്പിരിവെന്നും ആഡംബരമെന്നുമുള്ള നുണപ്രചാരണം ലോക കേരളസഭക്ക് എതിരേയും തകൃതിയായി നടക്കുന്നുണ്ട്. ചില മാധ്യമങ്ങളും പ്രതിപക്ഷവും ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് പരിപാടിയെ തന്നെ താറടിച്ച് കാണിക്കുമ്പോൾ വിദേശ മലയാളികളെയാണ് ആക്ഷേപിക്കുന്നത്. അവർ അനധികൃതമായി പണം പിരിക്കുന്നുവെന്ന് വരെ തട്ടിവിടുമ്പോൾ സ്വന്തം നാടിനെപോലും മറക്കുകയാണ് പ്രതിപക്ഷം.
അമേരിക്കയിൽ നടക്കുന്ന മേഖലാ ലോക കേരളസഭ സംഘടിപ്പിക്കുന്നതിന് ആവശ്യമായ പണം കണ്ടെത്തുന്നത് അവിടുത്തെ പ്രവാസികൾ സ്പോൺസർഷിപ് വഴിയാണ്. പരിപാടി സംഘടിപ്പിക്കുന്നവർ നാട്ടിലായാലും വിദേശത്തായാലും വിഭവസമാഹരണം നടത്തുന്നത് പുതിയ കാര്യമല്ല. ഓരോരുത്തരും അവരുടെ ശേഷിയനുസരിച്ച് പണം കൊടുക്കുന്നു.
യുഡിഎഫിലെ പല പാർടികളേയും സഹായിക്കുന്ന പ്രവാസി സംഘടനകൾ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ പണം സമാഹരിക്കാറുണ്ട്. ലോക കേരളസഭയും മറിച്ചല്ല. അതെല്ലാം സർക്കാരിന്റെ തലയിലിട്ട് സമ്മേളനം തന്നെ അലങ്കോലമാക്കാനാണ് ചിലരുടെ ശ്രമം. നാടിനോട് എക്കാലത്തും കൂറ് പുലർത്തിയിട്ടുള്ള പ്രവാസി മലയാളുടെമുന്നിൽ ഇത്തരം വ്യാജപ്രചാരണങ്ങൾ വിലപ്പോവില്ലെന്ന് മുമ്പും കണ്ടതാണ്.