തിരുവനന്തപുരം> മെഡിക്കൽ വിദ്യാഭ്യാസവകുപ്പിലെ വിരമിച്ച മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ ഒഴിവുകൾ നികത്തി നിയമനം നടത്തിയതായി സർക്കാർ ഉത്തരവ്. സ്ഥലംമാറ്റവും പ്രമോഷനും വഴിയാണ് നിയമനങ്ങൾ. ഡോ. ലിനറ്റ് ജെ മോറിസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പുതിയ പ്രിൻസിപ്പലായി നിയമിച്ചു. കൊല്ലം മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്നു. എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രശ്മി രാജനെ കൊല്ലത്തേക്ക് മാറ്റി. കണ്ണൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ് പ്രതാപിനെ എറണാകുളത്തും കോന്നി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. മറിയം വർക്കിയെ ആലപ്പുഴയിലും മെഡിക്കൽ കോളേജ് പ്രിൻസിപ്പലാക്കി.
മറ്റ് മാറ്റങ്ങൾ (നിലവിലെ തസ്തിക, പേര്, പ്രിൻസിപ്പലായി നിയമിക്കുന്ന മെഡിക്കൽ കോളേജ്).
കോട്ടയം മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗം പ്രൊഫ. ഡോ. പി കെ ബാലകൃഷ്ണൻ ഇടുക്കി മെഡിക്കൽ കോളേജ്, കൊല്ലം മെഡിക്കൽ കോളേജിലെ ഫിസിയോളജി വിഭാഗം പ്രൊഫ. ഡോ. ഗീത – മഞ്ചേരി മെഡിക്കൽ കോളേജ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫ. ഡോ. ആർ എസ് നിഷ കോന്നി മെഡിക്കൽ കോളേജ്, കോട്ടയം മെഡിക്കൽ കോളേജ് ജനറൽ സർജറി വിഭാഗം പ്രൊഫ. ഡോ. വി അനിൽകുമാർ -വയനാട് മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫിസിയോളജി വിഭാഗം പ്രൊഫ. ഡോ. മല്ലിക ഗോപിനാഥ് – കോഴിക്കോട് മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫിസിയോളജി വിഭാഗം പ്രൊഫ. ഡോ. ടി കെ പ്രേമലത കണ്ണൂർ മെഡിക്കൽ കോളേജ്. മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ സ്പെഷ്യൽ ഓഫീസറായി ഇടുക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഡി മീനയെയും ജോയിന്റ് ഡിഎംഇയായി മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഗീതാ രവീന്ദ്രനെയും നിയമിച്ചു.