ന്യൂഡൽഹി
വംശീയ കലാപം രൂക്ഷമായ മണിപ്പുരിൽ ഗോത്രവിഭാഗക്കാരായ കുക്കികൾക്കെതിരെ പ്രകോപനപരാമർശങ്ങളുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. വെടിനിർത്തൽ കരാർ ലംഘിപ്പിക്കുന്ന ഭീകരസംഘടനകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഭീകരർ ആയുധങ്ങൾ അടിയറവയ്ക്കണമെന്നും അമിത് ഷാ ഇംഫാലിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുക്കി ഭീകരസംഘടനകളാണ് സംഘർഷത്തിന് പിന്നിലെന്ന മെയ്ത്തീ വിഭാഗത്തിന്റെ ആരോപണം ശരിവയ്ക്കുന്ന പരാമർശമാണ് അമിത് ഷാ നടത്തിയത്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന കുക്കി വിഭാഗത്തിന്റെ ആവശ്യം നിരാകരിച്ചു.
മണിപ്പുരിലെ സംഘർഷസംഭവങ്ങൾ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് തലവനായ സമിതി അന്വേഷിക്കുമെന്ന് അമിത് ഷാ അറിയിച്ചു. സിബിഐ നടത്തുന്ന അന്വേഷണത്തിന് ജുഡീഷ്യൽ സമിതി മേൽനോട്ടം വഹിക്കും. മണിപ്പുർ ഗവർണർ അനസൂയ ഉയിക്കെയുടെ അധ്യക്ഷതയിൽ സമാധാന സമിതി രൂപീകരിക്കും. എല്ലാ രാഷ്ട്രീയ പാർടി പ്രതിനിധികളും ഇരുവിഭാഗങ്ങളുടെ പ്രതിനിധികളും കമ്മിറ്റിയിൽ ഉൾപ്പെടും. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ ചേർന്ന് 10 ലക്ഷം ധനസഹായം നൽകും.അടുത്ത രണ്ട് മാസത്തേക്ക് മുപ്പതിനായിരം ടൺ അരിയും നൽകുമെന്നും അറിയിച്ചു.
കുക്കികളെ കുറ്റപ്പെടുത്തി കേന്ദ്രവും
മണിപ്പുരിൽ പ്രശ്നക്കാർ കൂടുതലും ക്രൈസ്തവ വിശ്വാസികളായ കുക്കി ഗോത്രവിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഭീകരസംഘടനകളാണെന്ന സംസ്ഥാന ബിജെപി സർക്കാരിന്റെ നിലപാടിനോട് യോജിച്ച് കേന്ദ്രസർക്കാരും. സുരക്ഷാ സേനകളിൽനിന്നും മറ്റും തട്ടിയെടുക്കപ്പെട്ട ആയുധങ്ങൾ കുക്കി ഭീകരസംഘടനകളിലേക്ക് എത്തിയിട്ടുണ്ടെന്ന പ്രചാരണമാണ് മുഖ്യമന്ത്രി ബീരേൻ സിങ്ങും ഭൂരിപക്ഷ മെയ്ത്തീ വിഭാഗവും നടത്തുന്നത്.
കുക്കി ഭീകരസംഘടനകളുമായി 2008 ൽ എത്തിച്ചേർന്ന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കൽ കരാറിന്റെ ലംഘനമുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്നാണ് വാർത്താസമ്മേളനത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ൽകിയ മുന്നറിയിപ്പ്. 2008 ൽ അന്നത്തെ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും കുക്കി സംഘടനകളും ത്രികക്ഷി ധാരണയിൽ എത്തുകയായിരുന്നു. അതുപ്രകാരം അക്കാലത്തുണ്ടായിരുന്ന മുപ്പതോളം കുക്കി സംഘടനകളിൽ 27 സംഘടനയും ധാരണയോട് യോജിച്ച് തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു. ഈ കരാർ കാലാകാലങ്ങളിൽ പുതുക്കിവന്നെങ്കിലും കഴിഞ്ഞ മാർച്ചിൽ മെയ്ത്തീ വിഭാഗക്കാരനായ മുഖ്യമന്ത്രി ബീരേൻ സിങ് ഏകപക്ഷീയമായി പിൻവാങ്ങി. ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് ഇതുമൊരു കാരണമായി.
കുക്കി വിഭാഗക്കാരനായ ഡിജിപിയെ
തെറിപ്പിച്ചു
മണിപ്പുരിൽ കുക്കി വിഭാഗക്കാരനായ ഡിജിപിയെ മാറ്റി. ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടെയാണ് കൂടുതലും ക്രൈസ്തവ വിശ്വാസികളായ കുക്കി വിഭാഗത്തിൽനിന്നുള്ള പി ഡംഗലിനെ ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയത്. പകരം ത്രിപുര കേഡർ ഐപിഎസുകാരനായ രാജീവ് സിങിനെ നിയമിച്ചു. മുഖ്യമന്ത്രി ബീരേൻ സിങ്ങടക്കം ഭൂരിപക്ഷ മെയ്ത്തീ വിഭാഗം ഡംഗലിനെതിരായി സജീവമായി രംഗത്തുണ്ടായിരുന്നു. ഡംഗലിനെ സംസ്ഥാന ആഭ്യന്തരവകുപ്പിൽ ഒഎസ്ഡിയായി നിയമിച്ചു. മൂന്നുവർഷത്തേക്കാണ് രാജീവ് സിങിന്റെ നിയമനം. ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും മുമ്പായി വ്യാഴാഴ്ച തന്നെ രാജീവ് സിങ് മണിപ്പുരിലെത്തി.
മണിപ്പുരില് 3 പൊലീസുകാര്ക്ക് വെടിയേറ്റു
കേന്ദ്ര മന്ത്രി അമിത് ഷാ സന്ദര്ശനം തുടരുമ്പോഴും മണിപ്പുരില് സംഘര്ഷത്തിന് അയവില്ല. ബിഷ്ണുപൂർ ജില്ലയിൽ ആയുധധാരികളുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് പൊലീസുകാർക്ക് വെടിവെയ്പില് പരിക്കേറ്റു. കുമ്പി പൊലീസ് സ്റ്റേഷന് പരിധിയിലെ താങ്ജെംഗിൽ ബുധന് രാത്രിയാണ് സംഭവം.
ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ചാനുങ്ങിൽ കനത്ത വെടിവയ്പ് നടക്കുകയാണെന്നും കൂടുതല് വിവരം ലഭ്യമല്ലെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. മെയ് ആദ്യവാരം മുതല് സംഘര്ഷത്തില് കൊല്ലപ്പെട്ടവരുടെ എണ്ണം 80 കടന്നതായി അധികൃതർ സ്ഥിരീകരിച്ചു. മോഷ്ടിക്കപ്പെട്ട ആയുധങ്ങള് കണ്ടെത്താൻ സൈന്യവും പൊലീസും സംസ്ഥാന വ്യാപകമായി തിരച്ചിൽ നടത്തുകയാണ്.