പാലക്കാട്> കേരളത്തിന്റെ വികസനം അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ സാമ്പത്തികാക്രമണം നടത്തുമ്പോൾ പ്രതികരിക്കാൻ തയ്യാറല്ലെന്ന് പറയുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒറ്റുകാരനാണെന്ന് മന്ത്രി എം ബി രാജേഷ്. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിനെതിരെ സമാനതകളില്ലാത്ത സാമ്പത്തികാക്രമണമാണ് ബിജെപി സർക്കാർ നടത്തുന്നത്. കേന്ദ്ര സർക്കാർ തന്നെ സമ്മതിച്ച വായ്പാ പരിധിയാണ് വെട്ടികുറച്ചത്.
സാമൂഹ്യക്ഷേമ പെൻഷനും കിഫിബി മുഖേനയുള്ള വികസനവും തടയുകയാണ് ലക്ഷ്യം. കേന്ദ്ര സർക്കാർ നടപടിയെ കുറിച്ച് ഒന്നുമറിയില്ലെന്ന് പറയുന്ന പ്രതിപക്ഷ നേതാവിനുള്ളത് ഗൂഡമായ ആഹ്ലാദമാണ്. ഇടതുപക്ഷ വിരോധത്തിൽ അന്ധനായ അദ്ദേഹം കേന്ദ്ര സർക്കാരിനെയും ബിജെപിയേയും പരിസരം മറന്ന് പിന്തുണക്കുകയാണ്. കേന്ദ്രം കേരളത്തിനെതിരെ ആക്രമണം നടത്തുമ്പോഴൊക്കെയും ബിജെപിക്കും പ്രതിപക്ഷ നേതാവിനും ഒരേസ്വരമാണ്. കേരളത്തെ കുറ്റപ്പെടുത്തല്ല ശീലമാക്കിയ കേന്ദ്ര മന്ത്രി വി മുരളീധരൻ ഇല്ലാത്തപ്പോൾ കുറവ് നികത്തുന്നത് പ്രതിപക്ഷ നേതാവാണ്. കേന്ദ്ര നിലപാടിനെതിരെ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിട്ടും വിഡി സതീശന്റെ നിലപാട് ഞെട്ടിപ്പിക്കുന്നതാണെന്ന്.
ട്രഷറി പൂട്ടുമെന്നും കേരളം ശ്രീലങ്കയെ പൊലെയാകുമെന്നും പറഞ്ഞു നടന്നയാളാണ് പ്രതിപക്ഷ നേതാവ്. കേന്ദ്രം ഗ്രാൻഡും നഷ്ടപരിഹാരവും മറ്റും വെട്ടികുറച്ചിട്ടും തനതുവരുമാനം വർധിപ്പിച്ചും ചെലവ് ചുരുക്കിയും കേരളം അതിജീവിച്ചപ്പോൾ പ്രതിപക്ഷ നേതാവ് നിരാശനായെന്നും അദ്ദേഹം പറഞ്ഞു.