തിരുവനന്തപുരം > സംസ്ഥാനത്തെ എല്ലാ അങ്കണവാടികളേയും സമയബന്ധിതമായി സ്മാർട്ട് അങ്കണവാടികളാക്കി മാറ്റുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. മുപ്പതിലധികം അങ്കണവാടികളെ സ്മാർട്ട് അങ്കണവാടികളാക്കി മാറ്റിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ചും മറ്റ് ജനപ്രതിനിധികളുടെ ഫണ്ടും പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കിയുമാണ് സ്മാർട്ട് അങ്കണവാടികളാക്കുന്നത്. സുരക്ഷിതമായ ഒരു ഇടം എന്നതിനോടൊപ്പം കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് സഹായകരമാകുന്ന അന്തരീക്ഷം ഉറപ്പാക്കുക എന്നതും സ്മാർട്ട് അങ്കണവാടികളിലൂടെ ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി. പൂജപ്പുരയിലെ സ്മാർട്ട് അങ്കണവാടിയിൽ അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
‘അങ്കണവാടികളുടെ സമ്പൂർണ വൈദ്യുതിവത്ക്കരണം ലക്ഷ്യത്തോടടുക്കുകയാണ്. 2500 ഓളം അങ്കണവാടികളിൽ വൈദ്യുതിയില്ലാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. വൈദ്യുതി വകുപ്പുമായി ചേർന്നുള്ള നടപടികളിലൂടെ മിക്കയിടത്തും വൈദ്യുതിയെത്തിച്ചു. ഇനി നൂറിൽ താഴെ അങ്കണവാടികളിൽ മാത്രമാണ് വൈദ്യുതി ലഭിക്കാനുള്ളത്. വൈദ്യുതി ലൈൻ വലിക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ സോളാർ പാനൽ സ്ഥാപിച്ച് ഈ വർഷം തന്നെ മുഴുവൻ അങ്കണവാടികളിലും വൈദ്യുതി ലഭ്യമാക്കും’- മന്ത്രി പറഞ്ഞു.
കുഞ്ഞുങ്ങളുടെ മൂന്നു മുതൽ ആറു വയസുവരെയുള്ള പ്രായം ശാരീരികവും മാനസികവുമായ വളർച്ചയിൽ വളരെ പ്രധാനപ്പെട്ട കാലഘട്ടമാണ്. പൊതു വിദ്യാഭ്യാസ മേഖലയിൽ ദേശീയതലത്തിൽ തന്നെ നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാമതായി നിൽക്കുന്ന സംസ്ഥാനമാണ് കേരളം. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും വ്യക്തിത്വ വികസനവും വളർത്തിയെടുക്കുന്നത് വളരെ ശ്രദ്ധയോടെയും കരുതലോടെയും കാണുകയും പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടേത്. സംസ്ഥാന സർക്കാരിന്റെ ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ കുഞ്ഞുങ്ങൾ സ്കൂളുകളിൽ പോകുന്നതിന് തൊട്ടുമുമ്പുള്ള കാലഘട്ടത്തിന് വളരെ പ്രാധാന്യമാണ് നൽകുന്നത്. പ്രിയപ്പെട്ടവരുടെ സംരക്ഷണയിൽ നിന്നും കുഞ്ഞുങ്ങൾ പൊതു സമൂഹത്തിലേക്ക് എത്തുന്ന ആദ്യത്തെ ഇടം അങ്കണവാടികളാണ്. ആ അങ്കണവാടികളെ ഏറ്റവും ശാസ്ത്രീയമായി സജ്ജമാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒട്ടേറെ കാര്യങ്ങൾ ഈ കാലഘട്ടത്തിൽ ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് സമൃദ്ധമായ ആഹാരം നൽകുക എന്ന ലക്ഷ്യത്തോടെ മുട്ടയും പാലും നൽകുന്ന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി- മന്ത്രി കൂട്ടിച്ചേർത്തു.
പൊതു സമൂഹത്തിന്റെയും കുടുംബങ്ങളുടെയും മാതാപിതാക്കളുടെയും ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയുമൊക്കെ വലിയ പങ്കാളിത്തത്തോടു കൂടിയാണ് അങ്കണവാടി പ്രവേശനോത്സവം നടക്കുന്നത്. ഇതിന്റെ ഭാഗമായി അങ്കണക്കൂട്ടം സംഘടിപ്പിക്കുകയുണ്ടായി. അങ്കണവാടി പ്രവർത്തകർ, പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ചേർന്ന് ഗൃഹ സന്ദർശനം നടത്തി കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങളും നൽകി. ഇതുകൂടാതെ അങ്കണവാടികളെ മൂന്നോ നാലോ മേഖലകളായി തിരിച്ച് ഓരോ മേഖലയിലെയും ഏതെങ്കിലും ഒരു മുറ്റത്ത് ആ മേഖലയിലുള്ളവരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു. ഇതിലൂടെ കുഞ്ഞുങ്ങളെ അംഗണവാടികളിലേക്ക് പോകുന്നതിന് സജ്ജമാക്കാൻ സാധിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ജി പ്രിയങ്ക, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ് സലീം എന്നിവർ പങ്കെടുത്തു. മന്ത്രിമാർ കുട്ടികളെ മധുരം നൽകി സ്വീകരിച്ചു.