എഴുത്തുകാരിയും ന്യൂസിലൻഡിലെ യൂണിവേഴ്സിറ്റി ഓഫ് ഒട്ടാഗോയിൽ ശാസ്ത്ര ഗവേഷകയുമായ ലക്ഷ്മി ദിനചന്ദ്രൻ എഴുതുന്നു
“മിക്കപ്പോഴും ഒരു താരകം
നിന്റെ കണ്ണിലൊന്നു പെടാൻ കാത്തുനിൽപ്പുണ്ടായിരുന്നു. ഒരു തിര
അതിന്റെ വിദൂരപാതവിട്ട് നിന്റെയടുത്തേയ്ക്ക് വന്നിരുന്നു, അല്ലെങ്കിൽ
തുറന്നൊരുജാലകം താണ്ടി നീ നടന്നപ്പോൾ
ഒരു വയലിൻ നിന്റെ കേഴ്വിയ്ക്കു കീഴ്പെട്ടിരുന്നു.
ഇതെല്ലാം നിയോഗങ്ങളായിരുന്നു”
ഓസ്ട്രിയൻ കവിയായ റയ്നർ മരിയ റിൽകെയുടെ വരികളാണിവ. ഒരു ചെറിയ മാറ്റം – എന്റെ കാര്യത്തിൽ ഒരു പഴയ കമ്പിളിപ്പുതപ്പ് – നമ്മുടെ ദിവസങ്ങളെ എത്രത്തോളം മാറ്റിമറിച്ചേക്കാം!
കഴിഞ്ഞ ചില ആഴ്ചകൾകൊണ്ട് ഓഫീസിലെ ഇരിപ്പ് ലേശം പ്രശ്നമായിരുന്നു. തോൾ മുതൽ വിരൽതുമ്പുവരെ വേദന പ്രസരിക്കുന്നത് തീരെ സുഖമുള്ള കാര്യമല്ലല്ലോ. ഭാഗ്യത്തിന് എനിക്കിവിടെ താമസിക്കാൻ ലഭിച്ചത് വലിയ ജനാലകൾ ഒക്കെയായി സാധാരണയിലും വലുപ്പമുള്ള ഒരു മുറിയാണ്. ഗവേഷണവിഷയം കംപ്യൂട്ടേഷണൽ കെമിസ്ട്രി ആയതുകൊണ്ട് മീറ്റിങ്ങുകളും ക്ളാസ്സെടുപ്പും ഒന്നുമില്ലാത്ത ദിവസങ്ങളിൽ മുറിയിലിരുന്ന് ജോലിചെയ്യുന്നതിനു തടസമില്ല. അങ്ങനെയുള്ള ഒരു ദിവസമാണ് വീട്ടുടമസ്ഥ കട്ടിലിന്മേൽ വിരിക്കാൻ തന്ന കട്ടിയുള്ള ബേഡ്സ്പ്രെഡ് വെക്കാൻ ഇടമില്ലാതെ അവിടെയും ഇവിടെയും കിടന്നതിനെ എടുത്ത് കിഴക്കുഭാഗത്തേയ്ക്കു കാഴ്ചയുള്ള ജനലിന്റെ താഴെ മടക്കി വെച്ചത്. ആ രാത്രി ഒരു കപ്പു
കാപ്പിയുമെടുത്ത് വെറുതെ ഒരു രസത്തിന് ആ കമ്പിളിയിൽ കാലുംനീട്ടി ഇരുന്നപ്പോഴാണ്, വാൻഗോഗിന്റെ പ്രശസ്തമായ നക്ഷത്രാങ്കിതരാവി (starry nights)ൽ വരച്ച പട്ടണം പോലെ കരിനീലനിറം ചാലിച്ച ആകാശത്തിനു താഴെ മയങ്ങുന്ന ഡണീഡിൻറെ സൗന്ദര്യം ഞാൻ ശ്രദ്ധിക്കുന്നത്. ഇടതുവശത്ത് ഇടതൂർന്നു നിൽക്കുന്ന കൂറ്റൻ മരങ്ങളുടെ ഇരുണ്ട രേഖാരൂപങ്ങൾ. ഇവിടുത്തെ ബൊട്ടാണിക്കൽ ഗാർഡനും പഴയ സെമിത്തേരിയുമൊക്കെയുള്ള കുന്നുകളാണ് അവിടെ… വലത്തോട്ട് പോകുംതോറും കുന്നുകളുടെ രേഖയും നേർത്ത് വരുന്നു… ആകാശത്ത് ഉയർന്നു തെളിഞ്ഞു ചന്ദ്രക്കല, നക്ഷത്രങ്ങൾ, ആകാശഗംഗ, മേൽക്കൂരകൾക്കപ്പുറം ജനലിന്റെ വലത്തേ പാളിയിൽ യൂണിവേഴ്സിറ്റി ഓവൽ സ്റ്റേഡിയം. അതിനുമപ്പുറം മെഡിറ്ററേനിയൻ തീരങ്ങളിലെ പോലെ തട്ടുതട്ടായി വീടുകളുടെ വിളക്കുകൾ.
എന്നെ ഏറ്റവും സന്തോഷിപ്പിച്ചത് സ്റ്റേഡിയത്തിനു പിന്നിൽ കണ്ട ജലത്തിളക്കമാണ്. ഇത്രയും നാൾ ഞാനത് ശ്രദ്ധിച്ചിരുന്നില്ല. ഇലകളുടെയും മണലിന്റെയും നിറങ്ങൾക്കിടയിൽ നീലയുടെ ഒരു കീറ് എന്റെ കണ്ണിൽ ഒരിക്കലും പെട്ടിരുന്നില്ല. കുന്നുകളെ മൃദുലമായി വന്നുതൊടുന്ന കടലിന്റെ വിരലായി ഒട്ടാഗോ ഹാർബർ! ഈ വീട് എനിക്ക് തന്ന ഏറ്റവും നല്ല സമ്മാനമാകും ആകാശവും കാടും കടലും മനുഷ്യരേയുമെല്ലാം നിറങ്ങളുടെ ധാരാളിത്തമുള്ള ഒരു കാഴ്ചയിൽ കാണാൻ സാധിക്കുന്ന ഈ ഇരിപ്പിടം. അതിനുശേഷമുള്ള ദിവസങ്ങളുടെ ഏറിയപങ്കും ഈ ഇരിപ്പിടം സമാധാനത്തിലും സൗന്ദര്യത്തിലും പൊതിഞ്ഞുതന്നു.
വിൻസെന്റ് വാൻഗോഗിന്റെ പ്രശസ്തമായ പെയിന്റിംഗ് ‘stary nights ‘
പണ്ടുപണ്ട് – അതായത് ലക്ഷക്കണക്കിന് വർഷം മുൻപ് – നടന്ന ഒരു അഗ്നിപർവ്വത സ്ഫോടനത്തിന്റെ ബാക്കിയാണ് ഇന്ന് കാണുന്ന ഒട്ടാഗോ ഹാർബർ. കടലിനോട് ചേർന്നുകിടക്കുന്ന പോർട്ട് ചാമേഴ്സ് എന്ന സ്ഥലത്തിനടുത്താ യിരുന്നത്രെ ഡണീഡിൻ വോൾകാനോ. അന്നത്തെ അഗ്നിപർവ്വതത്തിന്റെ അവശിഷ്ടങ്ങളാണ് ചുറ്റുവട്ടത്തെ ചെറുദ്വീപുകളും, ഈ കുന്നുകളിൽ കാണുന്ന ബസാൾട് ശിലകളും ഒക്കെ.
ന്യൂസിലാണ്ടിൽ എത്തിയതിന്റെ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ എനിക്കൊരു അഗ്നിപർവ്വതബന്ധുവിനെ അടുത്ത് പരിചയപ്പെടാൻ സാധിച്ചിരുന്നു. റോട്ടോറുവ. നോർത്ത് ഐലൻഡിലെ ബേ ഓഫ് പ്ലെന്റി പ്രവിശ്യയിൽ നിലകൊള്ളുന്ന തടാകം. നൂറുകണക്കിനു കടൽക്കാക്കകളും സ്കാപ് എന്ന് പേരുള്ള താറാവുകളും കറുത്ത അരയന്നങ്ങളും ചിറകടിച്ചും നീന്തിയും തിമിർക്കുന്ന റോട്ടോറുവ സത്യത്തിൽ എന്നോ പൊട്ടിത്തെറിച്ച ഒരഗ്നിപർവതത്തിന്റെ പിളർന്ന വായ – Caldera – യിൽ വെള്ളം നിറഞ്ഞുണ്ടായതാണ്. തടാകത്തിന്റെ തെക്കേ കരയിലുള്ള പട്ടണത്തിന്റെ പേരും റോട്ടോറുവ എന്ന് തന്നെ. മെറ്റീരിയൽ സയൻസുമായി ബന്ധപ്പെട്ട ഒരു കോൺഫെറെൻസിൽ പങ്കെടുക്കാനാണ് പുതിയ നാടിന്റെ പകപ്പ് മാറും മുൻപേ അങ്ങോട്ട് പോയത്.
റോട്ടോറുവ
ഒരു മലയാളിയ്ക്ക് തികച്ചും അപരിചിതമായി തോന്നാവുന്ന ഒരു ഭൂമികയാണ് റോട്ടോറുവയുടേത്. പ്രകൃതിക്ഷോഭങ്ങൾ പലതരത്തിൽ ഉണ്ടാകാമെങ്കിലും, നമ്മുടെ മനസ്സിൽ ഏറ്റവും വിദൂരസ്ഥമായവ അഗ്നിപർവ്വതങ്ങൾ ആയിരിക്കണം. ഭൂഖണ്ഡങ്ങളുടെ ഉരസലുകളൊന്നും ശ്രദ്ധിക്കാതെ ഒരുകോടിവർഷമായി ഉറങ്ങുന്ന ഡുണീഡിലെ ഭൂമിയെ പോലെ അല്ല റോട്ടോറുവ.
ആവി പൊങ്ങുന്ന ഉറവകൾ
കാലമേറെ കഴിഞ്ഞിട്ടും അവിടത്തെ ഭൂമി ഇന്നും തണുത്തിട്ടില്ല. ബസ്സിൽ ചെന്നിറങ്ങുമ്പോൾ തന്നെ മൂക്കിലേക്ക് ഇരച്ച് കയറുന്നത് ചീഞ്ഞ മുട്ടയുടെ ദുർഗന്ധമാണ്. കെമിസ്ട്രി ലാബിൽ പരിചയപ്പെട്ടിട്ടുള്ള ഹൈഡ്രജൻ സൾഫൈഡിന്റെയും ഗന്ധകത്തിന്റെയും രൂക്ഷമായ മണമായിരുന്നു അവിടുത്തെ വായുവിന്. തടാകത്തിന്റെ കരകളിൽ കാൽഷ്യം കാർബണേറ്റും മറ്റു ലവണങ്ങളും പാളികളായി ഉറച്ചിരുന്നു… അവയിലെല്ലാം സൾഫറിന്റെ മഞ്ഞരാശി. പലയിടത്തും തിളച്ച് മറിയുന്ന വെള്ളമുള്ള നീലയും പച്ചയും നിറമുള്ള ചെറിയ കുളങ്ങൾ. പാറകളിലെ വിള്ളലുകൾക്കുള്ളിൽ വെള്ളം തിളയ്ക്കുന്ന ഗുളുഗുളുശബ്ദം. ആവി പൊങ്ങുന്ന ഉറവകൾ. വെള്ളത്തിൽ ഭൂമിയുടെ ചൂട് ശ്വാസം പോലെ അവിടവിടെ പൊന്തുന്ന കുമിളകൾ – കണ്ണിൽ കാണാവുന്ന ജിയോതെർമൽ ആക്ടിവിറ്റിയുടെ കേന്ദ്രമാണ് റോട്ടോറുവ.
ഒറ്റയ്ക്കു ചുറ്റി നടന്ന് കാണാൻ പറ്റിയ സ്ഥലമാണ് റോട്ടോറുവ തടാകം. എന്നാലും സൂക്ഷിക്കേണ്ട ചിലതുണ്ട്. തടിപ്പലക പാകിയ ബോർഡ് വാക്കുകളും (Boardwalks) പാലങ്ങളും വിട്ട് ഉറവകൾക്കോ ഇടിഞ്ഞു വീഴാൻ സാധ്യതയുള്ള ഗന്ധകക്കൂനകൾക്കോ തിളച്ച് മറിയുന്ന ചെളിക്കുണ്ടുകൾക്കോ അടുത്തു പോലും പോകരുത് എന്ന കർശനനിർദേശം എഴുതിയ ബോർഡുകൾ എല്ലായിടത്തും ഉണ്ട്.
ഹൈഡ്രജൻ സൾഫൈഡിന്റെ സാന്നിധ്യം തലകറക്കവും മറ്റും ചിലർക്കെങ്കിലും ഉണ്ടാക്കാറുമുണ്ട്. അതുകൊണ്ടുതന്നെ എവിടെ പോകുന്നു എന്നത് കൂടെയുള്ളവരോട് പറഞ്ഞിട്ട് പോകുന്നതാണ് സുരക്ഷിതം. ആസിഡിന്റേതിനോട് അടുത്ത് നിൽക്കുന്ന pH ആണ് ഇവിടുത്തെ വെള്ളത്തിന് – വീഞ്ഞോ വിനാഗിരിയോ പോലെ. നീന്തുന്ന ജലപ്പക്ഷികളിൽ പലതിന്റെയും കാൽവിരലുകൾ ബന്ധിപ്പിക്കുന്ന പാട ഇതുകൊണ്ട് ദ്രവിച്ചുപോകുക പതിവാണ്. മീൻപിടിത്തക്കാരല്ലാതെ നീന്തൽക്കാരോ വിനോദസഞ്ചാരികളോ പച്ചയും മഞ്ഞയും കലർന്ന നിറമുള്ള കലക്കവെള്ളത്തിൽ ഇറങ്ങുന്നത് സാധാരണമല്ല.
തടാകത്തിന്റെ നടുക്ക് ചെറിയ ഒരു ദ്വീപുണ്ട് – മൊകോയ. വെറും ഒന്നര ചതുരശ്രകിലോമീറ്റർ മാത്രം വിസ്തീർണമുള്ള ഈ ദ്വീപ് ഇവിടുത്തെ മാവോരി വംശജരുടെ ഐതിഹ്യങ്ങളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ്. യൂറോപ്പിന് റോമിയോയും ജൂലിയറ്റും, ഇന്ത്യയ്ക്ക് കൃഷ്ണനും രാധയും, അറബികൾക്ക് ലൈലയും മജ്നുവും എന്നതുപോലെ മാവോരികളുടെ പ്രിയപ്പെട്ട പ്രണയജോഡികളാണ് ട്യൂട്ടനേകായിയും ഹിനെമോവയും. മൊകോയ ദ്വീപിൽ താമസിച്ചിരുന്ന സുന്ദരനായ
മൊകോയ
യോദ്ധാവായിരുന്നു ട്യൂട്ടനേകായി, എന്നാൽ കുടുംബമഹിമയിൽ അതിസുന്ദരിയായ ഹിനെമോവയുടെ വളരെ താഴെ. ഇത്തരം എല്ലാ കഥയിലുമെന്നതുപോലെ ഹിനെമോവയുടെ ഗോത്രക്കാർ ഈ സ്നേഹത്തെ എതിർത്തു. റോട്ടോറുവ തടാകത്തിന്റെ കരയിൽ താമസിച്ചിരുന്ന അവൾ വീട്ടുതടങ്കലിലായി. ഗോത്രത്തലവനായ അവളുടെ അച്ഛൻ, അവൾ അവനെ തേടിപ്പോകാനുള്ള സാധ്യത കണക്കിലെടുത്ത് ഗ്രാമത്തിലെ എല്ലാ വഞ്ചികളും ഒളിപ്പിച്ചുവെയ്ക്കാൻ ഉത്തരവുമിട്ടു.
എന്നാൽ ഇതിനൊന്നും ഹിനെമോവയുടെ നിശ്ചയദാർഢ്യത്തെ ഇല്ലാതെയാക്കാൻ കഴിഞ്ഞില്ല. ഭൂമിയും വാനവും ഒരുപോലെ ഇരുട്ടിലാണ്ട ഒരു അമാവാസിയിൽ അവൾ വിവസ്ത്രയായി വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ആറു തൊണ്ടുകൾ ശരീരത്തിൽ ചുറ്റിക്കെട്ടി റോട്ടോറുവ തടാകത്തിലിറങ്ങി മൊകോയയിലേയ്ക്ക് തുഴഞ്ഞത്രേ! ആ ഇരുട്ടത്ത് അവൾക്ക് ദ്വീപിലേക്കുള്ള ദിശ കാണിച്ചുകൊടുത്തത് ട്യൂട്ടനേകായിയുടെ പുല്ലാങ്കുഴലിന്റെ മനോഹരമായ സംഗീതമായിരുന്നു. എന്തായാലും, ഈ സാഹസിക യാത്രയ്ക്കൊടുവിൽ അവൾ അവന്റെയടുത്ത് തന്നെ എത്തിച്ചേരുകയും, അവരുടെ പ്രണയത്തിന്റെ ശക്തി മനസിലാക്കിയ കുടുംബക്കാർ ഈ ബന്ധത്തെ ആശിർവദിക്കുകയും ചെയ്തു. ഇന്നും റോട്ടോറുവയിൽ താമസിക്കുന്ന മാവോരി വംശജർ തങ്ങളുടെ ഉല്പത്തിയുടെ വേരുകൾ ചേർത്തുവെയ്ക്കുന്നത് ഹിനെമോവയുടെയും ട്യൂട്ടനേകായിയുടെയും സന്താനപരമ്പരയുമായി ആണ്.
ന്യൂസിലൻഡിലെ മാവോരി പാരമ്പര്യത്തിന്റെ ഏറ്റവും ഭദ്രമായ ഇരിപ്പിടങ്ങളിലൊന്നാണ് റോട്ടോറുവയും പരിസരവും. കൊളോണിയൽ അധിനിവേശത്തിന്റെ ഭാഗമായി വംശഹത്യ മാത്രമല്ല, തങ്ങളുടെ ഭാഷയും സംസ്കാരവും രീതികളും ചവിട്ടിയരയ്ക്കപ്പെടുന്നത് കൂടെ സഹിക്കേണ്ടി വന്നവരാണ് മാവോരി ജനത.
മാവോരി ഗോത്ര വർഗക്കാരൻ
ഇന്നും ന്യൂസീലൻഡ് എന്ന രാജ്യത്തിന്റെ സമ്പന്നത ഇവരിൽ വലിയൊരുവിഭാഗത്തെ തൊടുന്നില്ല. സാമൂഹ്യമായും വിദ്യാഭ്യാസപരമായും ഉള്ള പിന്നോക്കാവസ്ഥ രൂക്ഷമാണ്. തെ രിയോ മാവോരി എന്നറിയപ്പെടുന്ന അവരുടെ ഭാഷ പതിറ്റാണ്ടുകളോളം പൊതുവേദികളിലും സ്കൂളുകളിലും വിലക്കപ്പെട്ടതായിരുന്നു. ഇന്നും മൊത്തം ജനസംഖ്യയുടെ വെറും നാലുശതമാനത്തിൽ താഴെ പേർക്ക് മാത്രമേ ആ ഭാഷ കൈകാര്യം ചെയ്യാൻ അറിയൂ. ജനസംഖ്യയുടെ പതിനേഴു ശതമാനത്തോളം അവരുണ്ടെങ്കിലും മിക്കവാറും മേഖലകളിലെ മാവോരി പങ്കാളിത്തം വളരെ കുറവായി തുടരുന്നു. ഇതിലൊരു മാറ്റം വരുത്താൻ ‘ഇവി’ എന്നറിയപ്പെടുന്ന ഗോത്രങ്ങളും ഇവിടത്തെ സർക്കാരും നടത്തുന്ന ശ്രമങ്ങൾ ഭാഗികമായി മാത്രമാണ് ഇപ്പോഴും ഫലം കാണുന്നത്. പ്രതീക്ഷിക്കാവുന്നതുപോലെ, വലിയ രാഷ്ട്രീയ തർക്കങ്ങളും അജണ്ടകളും മുൻവിധികളും ഈ വിഷയത്തിൽ നിലവിലുണ്ട്.
റോട്ടോറുവ
പ്രകൃതിയുമായി വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് മാവോരി ലോകക്രമം. ഓരോ മാവോരിയും സ്വയം പരിചയപ്പെടുത്തുമ്പോൾ, പ്രത്യേകിച്ച് ഔപചാരിക സന്ദർഭങ്ങളിൽ, വെറുതെ പേരുമാത്രം പറഞ്ഞു നിർത്താറില്ല. “പെപെഹ” എന്ന ചില വാചകങ്ങൾ കൂടെ ഒപ്പം ചേർക്കും – ഞാൻ ആരാണ്, എവിടെ നിന്ന് വരുന്നു, എവിടെയാണ് എന്റെ സ്ഥാനം എന്നിവ കൂടെ പറയും. “എന്റെ പർവതം ഇന്നതാണ്, എന്റെ പുഴ/തടാകം/സമുദ്രം ഇന്നതാണ്, എന്റെ പൂർവികർ ഇവിടെയെത്തിയ മാർഗം (waka) ഇന്നതാണ്, എന്റെ ഗോത്രം (iwi) ഇന്നതാണ്, എന്റെ ഉപഗോത്രം (hapu) ഇന്നതാണ്, ഞാൻ വരുന്നത് ഇന്നയിടത്തുനിന്നാണ്, ഇതാണെന്റെ പേര്… ” എന്നിങ്ങനെ ഭൂമിയും ജലവും ഭൂതകാലവും മറ്റുമനുഷ്യരും ഒക്കെയായുള്ള ബന്ധം കൂടെ പറയുമ്പോൾ മാത്രമേ ഒരു മനുഷ്യനെ പൂർണമായി അറിയാൻ സാധിക്കൂ എന്നാണു അവരുടെ വിശ്വാസം. വ്യക്തികേന്ദ്രീകൃതമായ പടിഞ്ഞാറൻ സംസ്കാരത്തിൽനിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാട്. എങ്കിലും, കോളനിവാഴ്ചയുടെയും അടിച്ചമർത്തലിന്റെയും നൂറ്റാണ്ടുകൾക്കിപ്പുറം സ്വന്തം പാരമ്പര്യവും പൈതൃകവും (whakapapa) കണ്ടെത്തുന്നതുപോലും അവരിൽ പലർക്കും പ്രയാസമുള്ള ഉദ്യമമാണ്. അനേകം സാംസ്കാരികവും ധാർമികവും പ്രായോഗികവുമായ ചോദ്യങ്ങൾ ഉയരുന്ന ഒരു കാലത്തിലൂടെയാണ് വംശബന്ധങ്ങളുടെ കാര്യത്തിൽ ഈ രാജ്യം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.
മറ്റു മനുഷ്യരുമായി നമ്മെ ബന്ധിപ്പിച്ചു നിർത്തുന്ന കണ്ണികളെക്കുറിച്ച് ഈയടുത്ത് ഏറ്റവും തപിച്ചത് റോട്ടോറുവ നഗരത്തിൽ വെച്ചാണ്. ചെന്നിറങ്ങി രണ്ടാംദിവസം പുലരുന്നത് നാട്ടിൽ നിന്നുള്ള ഒരു ഫോൺകാൾ കേട്ടുകൊണ്ടാണ്. ഏറ്റവും അടുപ്പമുള്ള ഒരാൾക്ക് തലേന്ന് രാത്രി നല്ലൊരു ഹൃദയാഘാതം ഉണ്ടായി എന്നറിയിച്ചുകൊണ്ട്. വല്ലാതെ ആധിപിടിച്ച അന്ന് സന്ധ്യയ്ക്ക് റോട്ടോറുവയ്ക്ക് ചുറ്റും ചിതറിക്കിടക്കുന്ന ട്രെയിലുകളിലൊന്ന് വെറുതെ തിരഞ്ഞെടുത്ത് നടക്കാൻ തുടങ്ങിയതാണ്.
എങ്ങോട്ടെന്നില്ലാതെ അഞ്ചു കിലോമീറ്ററോളം നീണ്ട നടപ്പ്. നാട്ടിൽ നിന്ന് വീണ്ടും വന്ന കോളുകൾ – സാരമില്ല, അപകടഘട്ടം തരണം ചെയ്തിരിക്കുന്നു എന്ന്. ഒടുക്കം സൂചി പോലെയുള്ള ഇലകൾ നിറഞ്ഞ പൊന്തക്കാടുകൾക്കിടയിലേക്ക് നീണ്ട ഒരു ഒറ്റയടിപ്പാതയിലൂടെ നടന്നെത്തിയത് ഇന്നോളം കണ്ടതും കേട്ടതും വിളറിപ്പോകുന്ന സൗന്ദര്യത്തിന്റെ, പ്രശാന്തിയുടെ മുന്നിലാണ് – തടാകത്തോട് ചേർന്ന് മൂന്ന് കാലടികൊണ്ട് അളക്കാവുന്നത്ര ചെറിയ ഒരു മണൽപരപ്പ്. ഒരു കുഞ്ഞ് ചന്ദ്രക്കല പോലെ. അതിൽ പാതിപതിഞ്ഞ് ഒരു മരക്കഷണം. അതിലിരുന്ന് കാലൊന്ന് ലേശം നീട്ടിയാൽ വന്നു തൊടുന്ന ഓളങ്ങൾ. പക്ഷികളുടെയും ജലത്തിന്റെയും ശബ്ദം മാത്രം.
സൗന്ദര്യം കൊണ്ട് പറുദീസയെയും ഗന്ധകപ്പുകയുടെ ചൂടും ചൂരും കൊണ്ട് നരകത്തെയും ഓർമ്മിപ്പിച്ചു കുഴപ്പിക്കുന്ന റോട്ടോറുവ തടാകം പറയുന്നത് സ്വർഗവും നരകവും രണ്ടല്ലെന്നും, എല്ലാ മുറിവുകളും കാലാന്തരേ കരിയുമെന്നും, ഉള്ളത് ഈ നിമിഷം ഒന്ന് മാത്രമാണ് എന്നുമാണെന്ന് തോന്നി …
വാൽക്കഷണം: വാൻഗോഗ് സ്റ്റാറി നൈറ്റ് വരച്ചതും ഒരു ജനാലക്കാഴ്ച ഓർത്തെടുത്ത് തന്നെയാണ് എന്ന് ഞാൻ അറിയുന്നത് ഇപ്പോൾ മാത്രമാണ്. തെക്കൻ ഫ്രാൻസിലെ സെയിന്റ് പോൾ ദ മോസോൾ എന്ന ചിത്തരോഗാശുപത്രിയിലെ തന്റെ കിടപ്പുമുറിയുടെ കിഴക്കോട്ടു തുറക്കുന്ന ജനലിലൂടെയുള്ള രാത്രി കാഴ്ച. ചിത്രത്തിന്റെ ഇടത്ത് ഭാഗത്തുള്ള സൈപ്രസ് മരം യഥാർത്ഥത്തിൽ ഉണ്ടായിരുന്നെങ്കിലും താഴെ കാണുന്ന ചെറുപട്ടണം/ഗ്രാമം സങ്കൽപ്പത്തിൽ അദ്ദേഹം മെനഞ്ഞെടുത്തതാണത്രേ.