തിരുവനന്തപുരം
സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷയിൽ 82.95 ശതമാനം വിജയം. 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. 2028 സ്കൂളിൽ 3,76,134 പേരാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷം വിജയം 83.87 ശതമാനമായിരുന്നു. ഇത്തവണ 0.92 ശതമാനത്തിന്റെ കുറവുണ്ട്. 33,815 പേർ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി. ഇതിൽ 26,001 പേർ പെൺകുട്ടികളാണ്. 71 പേർക്ക് മുഴുവൻ മാർക്കുണ്ട് (1200/1200). 77 സ്കൂൾ 100 ശതമാനം വിജയം നേടി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
മുഴുവൻ എ പ്ലസുകാർ കൂടുതൽ മലപ്പുറത്താണ് (-4897). വിജയശതമാനം ഏറ്റവും കൂടുതൽ എറണാകുളത്തും (87.55 ശതമാനം) കുറവ് പത്തനംതിട്ടയുമാണ് (-76.59 ശതമാനം). വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ എൻഎസ്ക്യുഎഫ് സ്കീമിൽ 78.39 ശതമാനമാണ് വിജയം. 28,495 പേർ എഴുതിയതിൽ 22,338 പേർ ഉപരിപഠനയോഗ്യത നേടി. ഏറ്റവും കൂടിയ വിജയശതമാനം വയനാട് ആണ് (83. 63 ശതമാനം). കുറവ് പത്തനംതിട്ടയും (-68. 48 ശതമാനം). 373 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 12 ഗവ. സ്കൂളും എട്ട് എയ്ഡഡ് സ്കൂളും നൂറുമേനി വിജയം നേടി. കഴിഞ്ഞവർഷം 78.26 ശതമാനമായിരുന്നു വിജയം. പ്രൈവറ്റായി പരീക്ഷ എഴുതിയതിൽ 48.92 ശതമാനം പേർ വിജയിച്ചു.
പ്ലസ്ടു പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം. ഹയർ സെക്കൻഡറി, ടെക്നിക്കൽ ഹയർ സെക്കൻഡറി, ആർട്ട് ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ സേ/ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 21 മുതൽ 27 വരെ നടത്തും. ഇതിന് 29 വരെ അപേക്ഷിക്കാം.
പ്ലസ് വൺ: ജൂൺ 2 മുതൽ അപേക്ഷിക്കാം
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ജൂൺ രണ്ടുമുതൽ ഒൻപതുവരെ അപേക്ഷിക്കാം. ജൂൺ 13 നാണ് ട്രയൽ അലോട്ട്മെന്റ്. ആദ്യ അലോട്ട്മെന്റ് ജൂൺ 19ന് പ്രസിദ്ധപ്പെടുത്തും. ജൂലൈ ഒന്നിന് മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ജൂലൈ അഞ്ചുമുതൽ ഒന്നാം വർഷ ക്ലാസുകൾ ആരംഭിക്കും. തുടർന്ന് പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി ആഗസ്ത് നാലോടെ പ്രവേശന നടപടികൾ അവസാനിപ്പിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.