തിരുവനന്തപുരം
ഇത്തവണയും സയൻസ് വിദ്യാർഥികളാണ് ഹയർ സെക്കൻഡറി വിജയശതമാനത്തിൽ മുന്നിൽ. 1,93,544 പേർ പരീക്ഷ എഴുതിയപ്പോൾ 1,68,975 പേർ വിജയിച്ചു. 87.31 ആണ് വിജയശതമാനം. കഴിഞ്ഞ തവണ ഇത് 86.14 ആയിരുന്നു. ഇത്തവണ കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ വിജയശതമാനം കുറഞ്ഞു. കൊമേഴ്സിൽ 1,08,109 പേരിൽ 89,455 പേർ വിജയിച്ചു. 82.75 ആണ് വിജയശതമാനം. കഴിഞ്ഞ തവണ 85.69 ശതമാനമായിരുന്നു. ഹ്യുമാനിറ്റീസിൽ 74,482 പേരിൽ 53,575 പേർ വിജയിച്ചു. 71.93 ആണ് വിജയശതമാനം. കഴിഞ്ഞ തവണയിത് 75.61 ശതമാനമായിരുന്നു.
മുഴുവൻ വിഷയത്തിലും എ പ്ലസിലും സയൻസാണ് മുന്നിൽ. സയൻസ് വിഷയങ്ങളിൽ 24,849 പേർക്കാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. കൊമേഴ്സിൽ 5794 പേർക്കും ഹ്യുമാനിറ്റീസിൽ 3172 പേർക്കും മുഴുവൻ എ പ്ലസ് ലഭിച്ചു.
ടെക്നിക്കൽ
സ്കൂളുകളിൽ വിജയം 75.30 %
ഹയർ സെക്കൻഡറിയുടെ സിലബസ് പിന്തുടരുന്ന 15 ടെക്നിക്കൽ സ്കൂളിൽ 75.30 ശതമാനം വിജയം. 1753 പേരിൽ 1320 പേർ ഉപരിപഠന യോഗ്യത നേടി. ഹയർ സെക്കൻഡറി ആർട്ട് സ്കീം വിഭാഗത്തിലെ ഏക സ്കൂളായ കേരള കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ 64 പേർ എഴുതിയതിൽ 57 പേർ ഉപരിപഠന യോഗ്യത നേടി. വിജയം 89.06 ശതമാനം.
സ്കോൾ കേരളയിൽ 494 ഫുൾ എ പ്ലസ്
സ്കോൾ കേരള മുഖാന്തരം ഹയർ സെക്കൻഡറി പരീക്ഷ എഴുതിയ 34,786 പേരിൽ 16,980 പേർ ഉപരിപഠനത്തിന് യോഗ്യത നേടി (വിജയം 48.73 ശതമാനം). ഇതിൽ 494 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.
സയൻസ് വിഭാഗത്തിൽനിന്ന് 1869 പേരിൽ 1596 പേരും (85.39 ശതമാനം) ഹ്യുമാനിറ്റീസിൽ 20,897 പേരിൽ 9858 പേരും (47.17 ശതമാനം) കൊമേഴ്സിൽ 12,020 പേരിൽ 5496 പേരും (45.72 ശതമാനം) ഉപരിപഠനത്തിന് അർഹരായി. ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിലാണ്–- 15,046 പേർ. ഹയർ സെക്കൻഡറി പ്രൈവറ്റ് കമ്പാർട്ട്മെന്റൽ വിഭാഗത്തിൽ 6156 പേർ ഉപരിപഠനത്തിന് അർഹത നേടി.
3 ബധിരമൂക സ്കൂളിന്
100 ശതമാനം
വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ പ്രത്യേകം തയ്യാറാക്കിയ ചോദ്യപേപ്പറിന്റെ അടിസ്ഥാനത്തിൽ പരീക്ഷ എഴുതിയ നാലു സ്കൂളും മികച്ച വിജയം നേടി. തിരുവനന്തപുരം ജഗതി ഗവ. വിഎച്ച്എസ്എസ് ആൻഡ് ടിഎച്ച്എസ് ഫോർ ഡഫ്, കുന്നംകുളം ഗവ. ഡഫ് വിഎച്ച്എസ്എസ്, ഒറ്റപ്പാലം ഗവ. ഡഫ് വിഎച്ച്എസ്എസ് എന്നിവ നൂറു ശതമാനം വിജയം നേടി. തിരുവല്ല സിഎസ്ഐ ഡഫ് വിഎച്ച്എസ്എസ് 95.45 ശതമാനം വിജയം നേടി.
പുനർമൂല്യനിർണയം: അപേക്ഷ സ്കൂളിൽ
രണ്ടാം വർഷ ഹയർ സെക്കൻഡറി പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം. ഇരട്ടമൂല്യനിർണയം നടത്തിയ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങൾക്ക് പുനർമൂല്യനിർണയം ഉണ്ടാകില്ല. സ്കൂളുകളിലാണ് അപേക്ഷ നൽകേണ്ടത്. ഇവിടെനിന്നും അപേക്ഷാഫോം ലഭിക്കും. ഒരു വിഷയത്തിന് 500 രൂപയാണ് ഫീസ്. സൂക്ഷ്മ പരിശോധനയ്ക്ക് 100ഉം ഫോട്ടോകോപ്പിക്ക് 300 രൂപയുമാണ്. ഇത് പ്രിൻസിപ്പൽമാർ i–-Exam മുഖേന അപ്ലോഡ് ചെയ്യണം. വൊക്കേഷണൽ ഹയർ സെക്കൻഡറി പുനർമൂല്യനിർണയത്തിന് http://www.vhsems.kerala.gov.in പോർട്ടലിൽനിന്നും അപേക്ഷാഫോം ലഭിക്കും. ഇത് 31ന് വൈകിട്ട് നാലിനകം അതത് സ്കൂളിൽ സമർപ്പിക്കണം. ഫലം ജൂണിൽ പ്രസിദ്ധീകരിക്കും.
സേ ടൈംടേബിളായി
ഹയർ സെക്കൻഡറി സേ, ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 21 മുതൽ 27 വരെ നടത്തും. 29 വരെ അതത് സ്കൂളിൽ അപേക്ഷിക്കാം. ഫീസ് അതത് സ്കൂളിൽ അടയ്ക്കണം. 600 രൂപ ഫൈനോടെ 31 വരെയും അപേക്ഷിക്കാം. സേക്ക് ഒരു വിഷയത്തിന് 150 രൂപയും ഇംപ്രൂവ്മെന്റിന് 500 രൂപയുമാണ് ഫീസ്. പ്രാക്ടിക്കൽ എക്സാമിനേഷന് 25 രൂപയും സർട്ടിഫിക്കറ്റിന് 40 രൂപയും നൽകണം. പ്രിൻസിപ്പൽമാർ പരീക്ഷയ്ക്ക് iExams പോർട്ടൽ വഴി രജിസ്റ്റർ ചെയ്യണം. പ്രാക്ടിക്കൽ പരീക്ഷ ജൂൺ എട്ട്, ഒമ്പത് തീയതികളിൽ നടക്കും. നേരത്തെ പ്രായോഗിക പരീക്ഷ വിജയിച്ചവർ വീണ്ടും ഹാജരാകേണ്ടതില്ല. ലക്ഷദ്വീപിലും ഗൾഫിൽ ഒരു കേന്ദ്രത്തിലും പരീക്ഷ നടത്തും. വിഎച്ച്എസ്ഇ പരീക്ഷാ തീയതി ആയിട്ടില്ല. കൂടുതൽ വിവരങ്ങൾക്ക്: http://www.dhse.kerala.gov.in.