പത്തനാപുരം
പുന്നല കടശ്ശേരിയില് കാട്ടാന വൈദ്യുതഘാതമേറ്റ് ചരിഞ്ഞ സംഭവത്തില് ഒന്നാംപ്രതി കീഴടങ്ങി. പുന്നല ചെളിക്കുഴി തെക്കേക്കര പുത്തൻവീട്ടിൽ ശിവദാസനാണ് പത്തനാപുരം വനംവകുപ്പ് ഓഫീസിലെത്തി കീഴടങ്ങിയത്. തമിഴ്നാട്ടിലെ പാപനാശം, അംബാസമുദ്രം എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് ശിവദാസന് മൊഴിനല്കി. ശിവദാസന്റെ ഭാര്യ പി സുശീല, മകള് സ്മിത എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ 15ന് ആണ് വനാതിര്ത്തിയോട് ചേര്ന്നുള്ള ഇവരുടെ പുരയിടത്തില് ആനയുടെ ജഡം കണ്ടെത്തിയത്. കാട്ടാനയെ ഷോക്കേല്പ്പിച്ച് കൊല്ലുന്നതിനായി വൈദ്യുതകമ്പികള് സ്ഥാപിച്ചത് ശിവദാസന്, സുശീല, സ്മിത എന്നിവരാണെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. ഇതേ തുടര്ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവശേഷം കമ്പികൾ സ്ഥലത്തുനിന്ന് അഴിച്ചുമാറ്റി ഒളിപ്പിച്ചത് സുശീലയും സ്മിതയും ചേര്ന്നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര് പറയുന്നു. ശിവദാസനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ പുനലൂര് വനം കോടതിയില് ഹാജരാക്കി റിമാൻഡ് ചെയ്തു.