ന്യൂഡൽഹി> ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും രാജ്യത്തിനായി സ്വർണമെഡൽ നേടിയ ഗുസ്തി താരം വിനേഷ് ഫൊഗാട്ട് രാമായണത്തിലെ മന്ഥരയ്ക്ക് തുല്യമെന്ന് ആക്ഷേപിച്ച് ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ സിങ്. യുപിയിൽ സ്വന്തം തട്ടമായ ഗോണ്ടയിൽ പൊതുയോഗത്തിലാണ് അന്തർദേശീയ വേദികളിൽ ഇന്ത്യയ്ക്കായി നിരവധി മെഡലുകൾ നേടിയ താരങ്ങളെ ബ്രിജ്ഭൂഷൺ വാക്കുകളാൽ ക്രൂരമായി ആക്രമിച്ചത്.
രാമായണത്തിൽ കൈകേയിയുടെ തോഴിയായ മന്ഥരയാണ് ശ്രീരാമനെ വനവാസത്തിന് അയക്കാൻ സാഹചര്യം ഒരുക്കുന്നത്. ത്രേതായുഗത്തിൽ മന്ഥരയും കൈകേയിയും വഹിച്ച പങ്കിന് തുല്യമാണ് നിലവിൽ വിനേഷ് ഫൊഗാട്ട് നിർവഹിക്കുന്നതെന്ന് ബ്രിജ്ഭൂഷൺ യോഗത്തിൽ പറഞ്ഞു. തനിക്കെതിരെ മന്ഥരയെ പോലെ നീങ്ങുകയാണ് വിനേഷ്. വ്യാജആരോപണങ്ങളാണ് ഉയർത്തുന്നത്. ഇതിനെതിരെ പൊരുതാൻ ദൈവം തന്നെ നിയോഗിച്ചിരിക്കയാണ്. തനിക്കെതിരെ ഗൂഡാലോചന നേരത്തെ മുതലുണ്ട്. എന്ത്, എവിടെ, എങ്ങനെ സംഭവിച്ചുവെന്ന് വിശദീകരിക്കാൻ ഗുസ്തികാർക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
നേരത്തെ ആയിരക്കണക്കിന് ഗുസ്തിക്കാരുണ്ടായിരുന്നു. ഇപ്പോൾ മൂന്ന് ദമ്പതിമാർ മാത്രമായി ചുരുങ്ങി. ഏഴാമതൊരാൾ സമരത്തിനില്ല. തനിക്കെതിരെ കേസെടുത്തിട്ടുണ്ട്. പിന്നെ എന്തിനാണ് സമരം തുടരുന്നത്. നുണപരിശോധനയ്ക്ക് ഒരുക്കമാണ്. ആദ്യം അവർ പരിശോധനയ്ക്ക് വിധേയമാകണം. പരിശോധനാഫലം വരുമ്പോൾ മന്ഥരയ്ക്കും താൻ നന്ദി പറയും– ബ്രിജ്ഭൂഷൺ പറഞ്ഞു. ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും ബ്രിജ്ഭൂഷണിനെ സംരക്ഷിക്കുന്ന നിലപാടിലാണ് മോദി സർക്കാരും ബിജെപിയും. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പോലും നീക്കിയിട്ടില്ല. എംപിയായും തുടരുകയാണ്. സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് ഡൽഹി പൊലീസ് പോസ്കോ കുറ്റമടക്കം ചുമത്തി കേസെടുത്തിട്ടും തുടർനടപടിയില്ല. കഴിഞ്ഞ ദിവസം ബ്രിജ്ഭൂഷണിന്റെ അറസ്റ്റ്ആവശ്യപ്പെട്ട് ആയിരങ്ങൾ ഇന്ത്യാഗേറ്റിൽ മെഴുകുതിരി പ്രകടനം നടത്തിയിരുന്നു. ഞായറാഴ്ച പുതിയ പാർലമെന്റിന് മുന്നിൽ വനിതകളുടെ മഹാപഞ്ചായത്തും പ്രഖ്യാപിച്ചിട്ടുണ്ട്.