ന്യൂഡൽഹി
ത്രിപുര മുഖ്യമന്ത്രി മണിക് സാഹയ്ക്കും സംസ്ഥാന നേതൃത്വത്തിനുമെതിരെ കലാപം അഴിച്ചുവിട്ട മുൻ മുഖ്യമന്ത്രി ബിപ്ലവ് ദേബ് കുമാർ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ വിളിച്ചുചേർത്ത ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ബഹിഷ്കരിച്ചു. മുഖ്യമന്ത്രി മണിക് സാഹ, ബിജെപി സംസ്ഥാന പ്രസിഡന്റ് രജീബ് ഭട്ടാചാർജി, മന്ത്രിമാർ, കേന്ദ്രനിരീക്ഷകർ തുടങ്ങിയവർ യോഗത്തിനെത്തി. ഡൽഹിയിലായിരുന്ന മന്ത്രി രത്തൻ ലാലും യോഗത്തിനെത്തി. വ്യാഴാഴ്ച തന്നെ അനുകൂലിക്കുന്ന യുവജന നേതാക്കളുടെ സമാന്തര യോഗം ബിപ്ലവ് വിളിച്ചിട്ടുണ്ട്.
പുറത്തുനിന്നുള്ളവർ ബിജെപിയെ നിയന്ത്രിക്കുകയാണെന്ന് ബിപ്ലവ് ആരോപിച്ചതിനു പിന്നാലെ നടന്ന യോഗത്തിൽ ബിജെപിയുടെ ആഭ്യന്തരകലഹം മറനീക്കി പുറത്തുവന്നു. ബിപ്ലവ് പക്ഷത്തോടൊപ്പം മണിക് സാഹയ്ക്കെതിരെ നീക്കം കടുപ്പിച്ച കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാൻ വിസമ്മതിച്ചു. ഏറ്റവും പിൻനിരയിലെ സീറ്റിൽ ഇരുന്നാണ് കേന്ദ്ര നിരീക്ഷകർക്കു മുന്നിൽ പ്രതിമ നിലപാട് വ്യക്തമാക്കിയത്. യോഗത്തിൽ ഇവർ സംസാരിച്ചുമില്ല. മാധ്യമങ്ങളെ കണ്ട മണിക് സാഹ, ബിപ്ലവ് ഉയർത്തിയ ആരോപണങ്ങളോട് പ്രതികരിച്ചില്ല.