കൊച്ചി
കടവന്ത്ര എസ്എച്ച്ഒക്കെതിരെ കേസുമായി മുന്നോട്ടുപോകുമെന്ന് പരാതിക്കാരൻ വിമൽ ജോളി. പരാതി സ്വീകരിക്കുന്നതിൽ ഉൾപ്പെടെ തോപ്പുംപടി പൊലീസിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടാണുണ്ടായതെന്നും വിമൽ പറഞ്ഞു. കടവന്ത്ര എസ്എച്ച്ഒ ഓടിച്ച വാഹനമിടിച്ച് പരിക്കേറ്റ കേസിലെ പരാതിക്കാരനാണ് മട്ടാഞ്ചേരി സ്വദേശിയായ വിമൽ.
പതിനെട്ടിന് തോപ്പുംപടി പാലത്തിലായിരുന്നു സംഭവം. വിമൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കടവന്ത്ര എസ്എച്ച്ഒ ജി പി മനുരാജ് ഓടിച്ച കാറിടിക്കുകയായിരുന്നു. ഇടിച്ചശേഷം കാർ നിർത്താതെപോയെന്ന് വിമൽ പറഞ്ഞു. കാറിന് അത്യാവശ്യം വേഗമുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ താനും സ്കൂട്ടറും തെറിച്ചുപോയി. കൂട്ടുകാരെത്തിയാണ് ആശുപത്രിയിലാക്കിയത്. 19ന് രാവിലെ തോപ്പുംപടി പൊലീസിൽ പരാതി നൽകി. മൊഴി എടുക്കാമെന്ന് അറിയിച്ചു. എന്നാൽ, ഡോക്ടറെ കാണേണ്ടിയിരുന്നു. 20നും ഡോക്ടറെ കാണാൻ പോയി. ഞായറാഴ്ച അനുജന്റെ നിശ്ചയമായിരുന്നു. ഞങ്ങളുടെതായ കാരണങ്ങളാൽ പരാതിയിലെ തുടർനടപടികളിൽ കാലതാമസമുണ്ടായി. കേസ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാൻ തോപ്പുംപടി എസ്എച്ച്ഒ തയ്യാറായിരുന്നു. ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഞായർ വൈകിട്ട് വീട്ടിലെത്തി മൊഴിയെടുക്കുകയും ചെയ്തു. എഫ്ഐആർ രജിസ്റ്റർ ചെയ്തു. തന്റെ മൊഴിപ്രകാരമാണ് നിലവിൽ എഫ്ഐആർ എടുത്തിരിക്കുന്നത്. പൊലീസിനെക്കുറിച്ച് ആക്ഷേപമില്ല. സഹകരണ മനോഭാവമാണ് തോപ്പുംപടി സ്റ്റേഷനിൽനിന്നുണ്ടായത്. തിങ്കളാഴ്ച എസിപിയെ കണ്ടിരുന്നു. നടപടിയെടുക്കാമെന്ന് അദ്ദേഹവും ഉറപ്പുനൽകി.
കടവന്ത്ര എസ്എച്ച്ഒയുടേത് നല്ല സമീപനമായിരുന്നില്ല. അപകടശേഷം വാഹനം നിർത്തിയില്ല. പിന്നീട് ആരോഗ്യസ്ഥിതി ഉൾപ്പെടെയുള്ള വിവരങ്ങൾ വിളിച്ചന്വേഷിക്കാൻപോലും തയ്യാറായില്ല. ഒത്തുതീർപ്പിന് ആദ്യം താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ, ഇനി കേസുമായി മുന്നോട്ടുപോകുമെന്നും വിമൽ വ്യക്തമാക്കി. പരാതിക്കാരന്റെ മൊഴിപ്രകാരമാണ് എഫ്ഐആർ എടുത്തിരിക്കുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും തോപ്പുംപടി പൊലീസ് പറഞ്ഞു. അതേസമയം അപകടവിവരം ഉടൻ ഹാർബർ പൊലീസിനെ അറിയിച്ചതായി കടവന്ത്ര എസ്എച്ച്ഒ ജി പി മനുരാജ് പറഞ്ഞു. വാഹനം ഓടിച്ചത് താനാണെന്ന് വ്യക്തമാക്കിയിരുന്നു. ഫോൺവിളി വിവരങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. യുവാവിന്റെ വാഹനം വേഗത്തിലായിരുന്നു. കാറിന്റെ വാതിൽ തുറക്കാൻകഴിയാത്ത നിലയിലുമായിരുന്നെന്നും എസ്എച്ച്ഒ പറഞ്ഞു.