കൊച്ചി > ആരോഗ്യ വകുപ്പിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയ ആഴ്ചയിൽ ഒരു ദിവസം ചെയ്യാൻ തയ്യാറാണെന്ന ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന് താത്പര്യം ഉണ്ടെങ്കിൽ സുരക്ഷിതമായി സർജറി ചെയ്യാൻ സൗകര്യം ചെയ്താൽ മാത്രം മതിയെന്നും, സ്വന്തം ടീമിനൊപ്പം ശസ്ത്രക്രിയ ചെയ്യാമെന്നും അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഈ പോസ്റ്റിനോടാണ് മന്ത്രി അനുകൂലമായി പ്രതികരിച്ചത്.
കേരളത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് പെരിയപ്പുറം. റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡിൻബറോ, റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് ഗ്ലാസ്ഗോ, റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് ലണ്ടൻ എന്നിവയിലെ അംഗമാണ് പെരിയപ്പുറം. 2011 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.