കൊല്ലം> ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിനെ വീണ്ടും പുജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു. അഞ്ചു ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡി അവസാനിച്ചതിനെത്തുടർന്നാണിത്. 14 ദിവസത്തെ റിമാൻഡ് കാലാവധി 23ന് അവസാനിക്കും. ജുഡീഷ്യൽ കസ്റ്റഡി നീട്ടാൻ പൊലീസ് ആവശ്യപ്പെടും. ഇതിനിടെ പ്രതി സന്ദീപിനു വേണ്ടി കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ 27ന് പരിഗണിക്കും.
ശനി പകൽ പന്ത്രണ്ടരയ്ക്കാണ് സന്ദീപിനെ കൈംബ്രാഞ്ച് സംഘം കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആർഎംഒ മോഹൻറോയിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. കേസന്വേഷണം മാധ്യമങ്ങളിൽ വാർത്തയാകുന്നതിൽ കോടതി ഇടപെടലുണ്ടാകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. അഭിഭാഷകനെ പ്രതിയുമായി സംസാരിക്കാൻ കോടതി അനുവദിച്ചു.
പ്രതിയെ ഹാജരാക്കുന്നതറിഞ്ഞ് നിരവധി പേർ കോടതിപരിസരത്ത് എത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഷൈലാമത്തായി ഹാജരായി.
കസ്റ്റഡിയിൽ കിട്ടിയ അഞ്ചുദിവസംകൊണ്ട് അന്വേഷകസംഘം പ്രതിയെ വിശദമായി ചോദ്യംചെയ്തിരുന്നു. കൊട്ടാരക്കര താലൂക്കാശുപത്രിയിലും ജന്മനാടായ ചെറുകരക്കോണത്തും എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. അതിനാൽ കസ്റ്റഡി കാലാവധി അന്വേഷകസംഘം നീട്ടി ചോദിച്ചില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കെമിക്കൽ റിപ്പോർട്ട് ഫലം വരാനുണ്ട്. സാക്ഷികളുടേത് ഉൾപ്പെടെ മൊഴിയെടുപ്പ് തുടരുന്നു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെ വിശദമായി പരിശോധിക്കും. 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിൽ അന്വേഷകസംഘം.