കൊച്ചി> നാർകോട്ടിക് കൺട്രോൾ ബ്യൂറോയും നേവിയും സംയുക്തമായി മെത്താംഫെറ്റമിൻ പിടിച്ച കേസിൽ പ്രതിക്കായുള്ള കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് വെള്ളിവരെ പാകിസ്ഥാൻ സ്വദേശിയായ സുബൈറിനെ കസ്റ്റഡിയിൽ നൽകണമെന്ന് എൻസിബി അപേക്ഷ നൽകിയത്.
മെത്താംഫെറ്റമിന്റെ ഉറവിടം, ലഹരിക്കടത്ത് സംഘാംഗങ്ങൾ, ലഹരിമരുന്നുമായി സഞ്ചരിച്ച വഴി എന്നി ഉൾപ്പെടെ കണ്ടെത്തേണ്ടതുണ്ട്. ഇതിനായി പ്രതിയെ വിശദമായി ചോദ്യംചെയ്യണമെന്ന് എൻസിബി ജൂനിയർ ഇന്റലിജൻസ് ഓഫീസറും അന്വേഷണ ഉദ്യോഗസ്ഥനുമായ എം ജി മധുസൂദൻ നൽകിയ അപേക്ഷയിൽ പറഞ്ഞു. പ്രതിയെ പ്രാഥമികമായി ചോദ്യംചെയ്തു. ലഹരി കടത്തിയത് പാകിസ്ഥാനിലെ ലഹരിക്കടത്തുകാരനുവേണ്ടിയാണെന്ന് സുബൈർ വെളിപ്പെടുത്തി.
കപ്പലിൽ 132 ബാഗുകളുണ്ടായിരുന്നു. തുറന്ന് പരിശോധിച്ചപ്പോൾ 2525 പെട്ടികൾ കണ്ടെത്തി. ഇതിൽ മെത്താംഫെറ്റമിനാണെന്ന് സുബൈർ സമ്മതിച്ചു. ദൗത്യം പൂർത്തിയാക്കിയാൽ നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നെന്നും പ്രതി വെളിപ്പെടുത്തി. പതിനഞ്ചിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരിമരുന്നിന്റെ ഉറവിടം ഉൾപ്പെടെ കണ്ടെത്തേണ്ടതുണ്ട്. സുബൈർ പാകിസ്ഥാനിയാണെന്ന് അപേക്ഷയിലുണ്ട്. നൽകിയിരിക്കുന്നത് ഇറാനിലെ വിലാസമാണ്.