തിരുവനന്തപുരം> ജനം സർക്കാരിനെ വിലയിരുത്തുന്നത് സ്വന്തം അനുഭവത്തിൽനിന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുത്തരിക്കണ്ടത്തിൽ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരെ വലിയതോതിലുള്ള ആക്ഷേപം ഉന്നയിക്കാനാണ് യുഡിഎഫും ബിജെപിയും ഒരേ മനസ്സോടെ ശ്രമിക്കുന്നത്.
അപവാദ പ്രചാരകർക്കുള്ള മറുപടി നിയോജകമണ്ഡലങ്ങളിൽ നടന്ന എൽഡിഎഫ് റാലികളിലെ വൻ ജനസഞ്ചയമാണ്. ജനങ്ങളിൽനിന്ന് തീർത്തും ഒറ്റപ്പെടുമെന്ന് മനസ്സിലാക്കിയാണ് യുഡിഎഫ-ും ബിജെപിയും സർക്കാരിനെ എതിർക്കുന്നത്. സർക്കാർ നടപടികളിലെ വീഴ്ച ചൂണ്ടിക്കാണിക്കേണ്ടത് സ്വാഭാവികമാണ്. എന്നാൽ, ഏഴുവർഷത്തെ അനുഭവം എടുത്താൽ അത്തരമൊരു വീഴ്ച ചൂണ്ടിക്കാണിക്കാനില്ല. ആക്ഷേപങ്ങൾ ഉന്നയിക്കാനാണ് സെക്രട്ടറിയറ്റ് വളഞ്ഞ് യുഡിഎഫ് സമരം ചെയ്തത്. സംസ്ഥാന സർക്കാരിനെതിരെ നുണകൾ പടച്ചുവിടുക, പല ആവർത്തി പ്രചരിപ്പിക്കുക അതാണ് യുഡിഎഫ് നടത്തുന്നത്.
പ്രതിപക്ഷത്തിന്റെ ഈ ശ്രമത്തിന് വലതുപക്ഷ മാധ്യമങ്ങൾ കൂട്ടുനിൽക്കുകയാണ്. കെട്ടിപ്പൊക്കിയ അപവാദങ്ങളുടെയെല്ലാം സ്ഥിതി എന്തായി എന്നും ആലോചിക്കണം. എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ വികസന പദ്ധതികൾക്ക് തുരങ്കം വയ്ക്കാനാണ് ബിജെപി ശ്രമിച്ചത്. സംസ്ഥാന സർക്കാരിനെ ആക്രമിക്കാൻ കേന്ദ്ര സർക്കാരിനെ പ്രത്യേക രീതിയിൽ ഉപയോഗിക്കുന്ന നെറികേടാണ് ബിജെപി ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.