ന്യൂഡൽഹി
സാഹസിക കടൽയാത്രയായ ഗോൾഡൻ ഗ്ലോബ് പായ്വഞ്ചിയോട്ടം പൂർത്തിയാക്കിയ മലയാളി നാവികൻ അഭിലാഷ് ടോമിക്ക് ന്യൂഡൽഹിയിലെ നാവിക ആസ്ഥാനത്ത് സ്വീകരണം. ഇനിയൊരു ഗോൾഡൻ ഗ്ലോബ് യാത്രയ്ക്കില്ലെന്ന് അഭിലാഷ് ടോമി പറഞ്ഞു. അതിനർഥം കടൽയാത്ര ഉണ്ടാകില്ലെന്നല്ല. അത് തുടരും. പക്ഷേ, 48000 കിലോമീറ്റർ താണ്ടുന്ന ഗോൾഡൻ ഗ്ലോബിനില്ല.
ഇത്തവണ യാത്ര ദുഷ്കരമായിരുന്നു. 2012ൽ ലോകം ചുറ്റിയതാണ്. അതിന്റെ പത്തോ ഇരുപതോ മടങ്ങ് കടുപ്പമായിരുന്നു ഈ യാത്ര. 2018ൽ അപകടമുണ്ടായി മരണത്തെ മുന്നിൽ കണ്ടതാണ്. മൂന്ന് ദിവസം പരിക്കേറ്റ് കടലിൽ കഴിഞ്ഞു. മത്സരം പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. ആ ഓർമകളുമായാണ് ഇത്തവണ യാത്ര തുടങ്ങിയത്. അതിന്റെ ആശങ്ക പലപ്പോഴും ദേഷ്യമായും മാനസിക സമ്മർദമായും പുറത്തുവന്നിരുന്നു. അന്നത്തെ അപകടസ്ഥലം കടന്നുപോയതോടെ മനസ്സ് ശാന്തമായി. പിന്നീട് ആത്മവിശ്വാസത്തോടെയാണ് മുന്നോട്ടുപോയത്.
ഈ യാത്ര ഒരിക്കലും എളുപ്പമല്ല. പെട്ടെന്നൊരു ദിവസം വഞ്ചിയെടുത്ത് പോകാവുന്നതല്ല. ആവേശവും താൽപ്പര്യവുമുള്ള പുതിയ തലമുറ അതിനായി ആത്മസമർപ്പണം നടത്തണമെന്നും അഭിലാഷ് പറഞ്ഞു. ഗോവയിൽ കുടുംബത്തോടൊപ്പം കുറച്ചുദിവസമുണ്ടാകും. അതിനിടെ മാതാപിതാക്കളെ കാണാൻ കൊച്ചിയിലുമെത്തും.















