ബ്യൂണസ് അയേഴ്സ്
ലോക ഫുട്ബോളിലെ പുതിയ തലമുറയെ കണ്ടെത്താനുള്ള അണ്ടർ 20 ലോകകപ്പിന് ഇന്ന് അർജന്റീനയിൽ തുടക്കം. ആറു ഗ്രൂപ്പിലായി 24 ടീമുകൾ നാല് വേദിയിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 11.30നും പുലർച്ചെ 2.30നുമാണ് കളികൾ. ഇന്ന് രാത്രി 11.30ന് ഗ്വാട്ടിമാല ന്യൂസിലൻഡിനെയും അമേരിക്ക ഇക്വഡോറിനെയും നേരിടും.
നാളെ പുലർച്ചെ 2.30ന് ആതിഥേയരായ അർജന്റീന ഉസ്ബെകിസ്ഥാനെതിരെ ആദ്യകളിക്കിറങ്ങും. തിങ്കൾ പുലർച്ചെ ബ്രസീൽ–-ഇറ്റലി പോരാട്ടമുണ്ട്. ജൂൺ 12ന് ഫൈനൽ.
അർജന്റീന ആറുതവണ ജേതാക്കളായി. ബ്രസീൽ അഞ്ചുതവണ. നിലവിലെ ജേതാക്കളായ ഉക്രെയ്നും റണ്ണറപ്പായ പോളണ്ടും ഇക്കുറിയില്ല. അതികായരായ സ്പെയ്ൻ, പോർച്ചുഗൽ, ജർമനി, ബൽജിയം, നെതർലൻഡ്സ്, ക്രൊയേഷ്യ ടീമുകൾക്കും ടിക്കറ്റില്ല. അർജന്റീന യോഗ്യത നേടിയിരുന്നില്ല. ഇന്തോനേഷ്യയിൽ നിശ്ചയിച്ച വേദി അവസാനനിമിഷം അജന്റീനയിലേക്ക് മാറ്റുകയായിരുന്നു. കന്നി ലോകകപ്പിനെത്തുന്ന ഇസ്രയേലിനെ രാഷ്ട്രീയകാരണങ്ങളാൽ സ്വീകരിക്കാൻ ഇന്തോനേഷ്യ തയ്യാറാകാതിരുന്നതാണ് അർജന്റീനയ്ക്ക് നറുക്കുവീഴാൻ കാരണം. ആതിഥേയർ എന്ന ആനുകൂല്യത്തിൽ ലോകകപ്പിൽ കളിക്കാനായി. ബ്രസീൽ, ഇംഗ്ലണ്ട്, സെനെഗൽ ടീമുകളാണ് കിരീടസാധ്യതാപട്ടികയിലുള്ളത്.















