കൊച്ചി > എറണാകുളം ജില്ലയിലെ പിറവം, കൂത്താട്ടുകുളം പ്രദേശത്തെ ജനങ്ങളുടെ പതിമൂന്ന് വർഷത്തെ കാത്തിരിപ്പ് നാളെ അവസാനിക്കുകയാണ്. 2010 ൽ നിർമ്മാണം തുടങ്ങി, നിരവധി തടസ്സങ്ങളെ അഭിമുഖീകരിച്ച് ഇപ്പോൾ യഥാർത്ഥ്യമായ കോരൻകടവ് പാലം നാളെ ഉദ്ഘാടനം ചെയ്യും.
2010 ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ജനങ്ങളുടെ പ്രധാന ആവശ്യമായിരുന്ന കോരൻ കടവ് പാലത്തിന് ഫണ്ട് അനുവദിക്കുന്നത്. എന്നാൽ നിർമ്മാണം പാതിവഴിയിൽ നിലക്കുകയായിരുന്നു. 2020 ൽ എൽഡിഎഫ് സർക്കാർ പാലം പ്രവൃത്തി പുനരാരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു. മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് വകുപ്പിൻ്റെ ചുമതലയേറ്റതിന് ശേഷം അപ്രോച്ച് റോഡിന് ആവശ്യമായ അധിക തുക കൂടി അനുവദിച്ചു. എല്ലാ തടസങ്ങളും നീക്കി പാലം ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണ്.
പിറവം, കുന്നത്തുനാട് നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിത്. മൂവാറ്റുപുഴയാറിന് കുറുകെ 134 മീറ്റർ നീളത്തിൽ ഇരുവശത്തും ഒന്നര മീറ്റർ നടപ്പാതയടക്കം 11 മീറ്റർ വീതിയിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. പാലം യാഥാർഥ്യമാകുന്നതോടെ പിറവം, കൂത്താട്ടുകുളം മേഖലകളിൽനിന്ന് കോലഞ്ചേരിയിലേക്കുള്ള ദൂരം ഗണ്യമായി കുറയും.