കൊച്ചി> എറണാകുളം ജില്ലയിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടികളുമായി പൊലീസ്. മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച മാത്രം ജില്ലയിൽ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് കീഴിൽ വരുന്ന സ്റ്റേഷനുകളിലായി അഞ്ചു കേസുകളും ആലുവ എസ് പിക്ക് കീഴിൽ റൂറൽ ജില്ലാ പരിധിയിലെ പോലീസ് സ്റ്റേഷനുകളിലായി രണ്ട് കേസുകളും രജിസ്റ്റർ ചെയ്തു.
പൊതുജന ആരോഗ്യത്തിന് ഹാനികരവും പകർച്ചവ്യാധി പടരുന്നതിന് കാരണവുമായി മാലിന്യങ്ങൾ പൊതുവിടങ്ങളിൽ തള്ളുന്നതുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പൊലീസ് പരിധിയിലെ മരട് പൊലീസ് സ്റ്റേഷനിൽ ബുധനാഴ്ച രണ്ട് കേസുകളും, അമ്പലമേട്, കളമശ്ശേരി, തോപ്പുംപടി പൊലീസ് സ്റ്റേഷനുകളിൽ ഒന്ന് വീതം കേസുകളും രജിസ്റ്റർ ചെയ്തു.
റൂറൽ പരിധിയിൽ പെരുമ്പാവൂർ, പിറവം പൊലീസ് സ്റ്റേഷനുകളിൽ ഒന്ന് വീതം കേസുകളും രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിലും പൊതുവിടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കും.