തിരുവനന്തപുരം> മന്ത്രി വീണാ ജോര്ജിനോട് തിരുവഞ്ചൂര് രാധാകൃഷ്ണനും വിഡി സതീശനും മാപ്പ് പറയണമെന്ന് പി കെ ശ്രീമതി. ഔചിത്യം മറന്നു മ്ലേച്ഛ ഭാഷയാണ് അവര് മന്ത്രി വീണാ ജോര്ജിനെതിരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെന്നും പി കെ ശ്രമീമതി പറഞ്ഞു
എനിക്ക് അത്ഭുതം തോന്നുന്നു,വര്ഷങ്ങളുടെ പാരമ്പര്യമുള്ള തിരുവഞ്ചൂരിനെ പോലുള്ള ഉന്നത രാഷ്ട്രീയ നേതാവിന് എങ്ങിനെ ഈ രീതിയില് ഒരു വനിതയെ പരസ്യമായി അധിക്ഷേപിക്കാനും മാനം കെടുത്താനും കഴിയുന്നു? ഉയര്ന്ന പദവിയിലിരിക്കുന്നവരുടെ നിലവാര തകര്ച്ചയല്ലേ ഇതുകാണിക്കുന്നത്? സ്ത്രീകളെ അപഹസിച്ചും നിന്ദിച്ചുമല്ല കയ്യടി വാങ്ങേണ്ടത്.
രാഷ്ട്രീയ ലാഭത്തിനും നേട്ടത്തിനും ഈ ഭാഷയും ഇത്തരം പ്രയോഗവും പ്രയോജനപ്പെടുമെന്നു കരുതുന്നുണ്ടൊ? ഇല്ല .ബഹുമാനപ്പെട്ട കോണ്ഗ്രസ് നേതാക്കളേ,കേരളത്തിലെ സ്ത്രീകള്ക്കെങ്കിലും മനസിലാകും നിങ്ങളുടെ ദുഷ്ടലാക്ക്. ഇത്തരത്തില് നീചമായി വാക്കുകള് ഉപയോഗിക്കാതിരിക്കൂ.ഒരു വനിതയായത് കൊണ്ടു മാത്രമാണ് മന്ത്രി വീണ ഇത്രമാത്രം ക്രൂരമായി ആക്രമിക്കപ്പെടുന്നത്.
ആശുപത്രിയില് കയറി നിരന്തരം ആക്രമണവും കൊലപാതകവും നടത്തുന്ന ഒരു കൂട്ടം പിശാചുക്കളുടെ മാനസികാവസ്ഥയെ കുറിച്ചോ അവരുടെ നിഷ്ഠൂരതയെ കുറിച്ചൊ അല്ലല്ലോ മാധ്യമങ്ങളിലും ചര്ച്ച. മനുഷ്യര്ക്ക് വീടുകളിലും വന്നു വന്നു ഇപ്പോള് ആശുപത്രിയിലടക്കം കൊലപാതകം നടത്താനുള്ള മാനസികസ്ഥിതി എന്തുകൊണ്ട് ചിലരില് ഉണ്ടാകുന്നു ? ഒരുകാലത്ത് ചികിത്സിക്കുന്ന ഡോക്ടര്മാര് എല്ലാവര്ക്കും ദൈവത്തെ പോലെയായിരുന്നു. നഴ്സ്മാര് മാലാഖമാരും. അവരെ ആക്രമിക്കുക എന്നത് ചിന്തിക്കാന് പോലും ആര്ക്കും കഴിയില്ല. ഒരു കറുത്ത വാക്കുപോലും അവര്ക്കെതിരെ പറയാന് ആരും തയ്യാറാകില്ല. എന്നാല് ഇന്ന് നാം കാണുന്നത് മനുഷ്യത്വം മരവിച്ച കുറച്ചുപേര് എന്തു കാട്ടാളത്തവും എവിടേയും കാണിക്കുന്നു. ഇതിന്റേയും കുറ്റം മന്ത്രിക്കുനേരെ ചാര്ത്താന് ചിലര് കിണഞ്ഞു ശ്രമിക്കുന്നു. കഷ്ടം എന്നല്ലാതെ എന്തു പറയാന്.
മന്ത്രി വീണജോര്ജിനെ ഹീനമായി അധിക്ഷേപിക്കുകയും സമൂഹമദ്ധ്യത്തില് നാണം കെടുത്താന് മനപ്പൂര്വ്വം ശ്രമിക്കുകയുമാണ്. അങ്ങേയറ്റം പ്രതിഷേധാര്ഹമാണിത് . സമൂഹമൊന്നാകെ പ്രതിഷേധിക്കണം. ഇത് അവസാനിപ്പിക്കണമെന്നും ശ്രീമതി ടീച്ചര് വ്യക്തമാക്കി















