ന്യൂഡൽഹി > ബിജെപി എംപിയും ഗുസ്തി ഫെഡറേഷന് അധ്യക്ഷനുമായ ബ്രിജ് ഭൂഷണെതിരായ ഗുസ്തിതാരങ്ങളുടെ സമരത്തെ പിന്തുണച്ച് സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു. രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലെ എസ്എഫ്ഐ നേതാക്കളോടൊപ്പം ജന്തര് മന്തറിലെ സമരപ്പന്തലിലെത്തിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ബ്രിജ് ഭൂഷണെ പുറത്താക്കാത്തതില് പ്രതിഷേധിച്ച് മറ്റ് വിദ്യാർത്ഥി സംഘടനകളെ ഒരുമിച്ച് നിർത്തി മോദി സർക്കാരിനെതിരെ മെയ് 18ന് സംയുക്ത പ്രക്ഷോഭം നടത്തും. വിവിധ വിദ്യാർഥി സംഘടനകൾ തൊഴിലാളി സംഘടനകൾക്ക് പുറമെ കർഷക സംഘടനകൾ, മഹിളാ സംഘടനകൾ എല്ലാം പ്രക്ഷോഭത്തില് പങ്കാളികളാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പതാക ലോകരാജ്യങ്ങളിൽ ഉയർത്തിപ്പിടിച്ചവരാണ് ഗുസ്തി താരങ്ങൾ. എന്നാല് താരങ്ങൾ നൽകിയ ലൈംഗിക അതിക്രമ പരാതിയിൽ ഇതുവരെയും നടപടി സ്വീകരിക്കാത്ത സർക്കാരാണ് രാജ്യം ഭരിക്കുന്നത്. കർണാടക തെരഞ്ഞെടുപ്പിൽ തിരിച്ചടി ലഭിച്ചിട്ടും ബിജെപി പാഠം പഠിക്കുന്നില്ല. പോക്സോ, ലൈംഗീക പീഡന കേസുകളില് പ്രതിയായ ബ്രിജ്ഭൂഷണെ ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് എത്രയും വേഗം ഒഴിവാക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെടുന്നതായും വി പി സാനു പറഞ്ഞു.