കൊല്ലം> കേരളത്തിൽ വിദ്വേഷത്തിന്റെ വിത്തുവിതയ്ക്കാനുള്ള നീക്കമാണ് ചിലർ നടത്തുന്നതെന്നെന്നും ദുരാരോപണങ്ങൾക്കും വ്യാജ പ്രചരണങ്ങൾക്കുമെതിരെ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജമാഅത്ത് ഫെഡറേഷൻ 40-ാം വാർഷികാഘോഷത്തൊടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യമാകെ കേരളത്തെക്കുറിച്ച് തികച്ചും മോശമായ ചിത്രം പ്രചരിപ്പിക്കാൻ ഒരുകൂട്ടർ കുറച്ചുനാളായി നിരന്തരശ്രമം നടത്തുന്നു. നുണകൾ ആവർത്തിച്ചാവർത്തിച്ച് സത്യങ്ങളെന്ന മട്ടിൽ അവതരിപ്പിക്കുക എന്ന ഫാസിസ്റ്റ് തന്ത്രമാണ് അവർ പയറ്റുന്നത്.
വർഗീയ കലാപത്തിലൂടെ ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ വിപുലീകരണം നടത്തുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം. 2014 മുതലുള്ള സംഭവങ്ങൾ പരിശോധിച്ചാൽ ആർക്കുമിത് ബോധ്യമാകും. ഏകീകൃത സിവിൽ കോഡിലേക്കാണു നീങ്ങുന്നത്. തുടർന്ന് ഹിന്ദുരാഷ്ട്ര നിർമാണത്തിലേക്കും. ക്രൈസ്തവ, മുസ്ലീം അടക്കമുള്ള വിഭാഗങ്ങൾക്ക് സ്വന്തം സ്വത്വം നിലനിർത്താൻ കഴിയാതാവുന്നു എന്നതാണ് രാജ്യത്തിന്റെ പൊതുസ്ഥിതി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇനിയും കലാപത്തീ അണയാത്ത മണിപ്പൂർ. ചരിത്രത്തെ എന്നും സംഘപരിവാറിന് ഭയമാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത പാരമ്പര്യം അവകാശപ്പെടുന്ന അവർക്ക് രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ച് ഓർക്കുമ്പോൾ വേവലാതിയുണ്ടാകുന്നത് സ്വാഭാവികം. ഇന്ത്യാചരിത്രത്തിന്റെ ബഹുസ്വരതയെയാണ് അവർ ഭയപ്പെടുന്നത്. രാഷ്ട്രപിതാവ് ഗാന്ധിജിയും ആദ്യ പ്രധാനമന്ത്രി നെഹ്റുവും പാഠപുസ്തകങ്ങളിൽനിന്ന് വെട്ടിമാറ്റപ്പെടുന്നു.
ഇപ്പോഴിതാ ആദ്യ വിദ്യാഭ്യാസമന്ത്രി മൗലാനാ അബ്ദുൾ കലാം ആസാദിനെയും പുറത്താക്കിയിരിക്കുന്നു. മുഗൾ സാമ്രാജ്യത്വത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ നീക്കംചെയ്യാനും എൻസിഇആർടി തീരുമാനിച്ചിരിക്കുന്നു. പാഠങ്ങൾ നീക്കി ചരിത്രം മായ്ക്കാനാവുമെന്ന് വിചാരിക്കുന്നവർ മൂഢസ്വർഗത്തിലാണ്. സംഘപരിവാർ ഭയപ്പെടുന്നവയെല്ലാം കേരളത്തിലെ പാഠപുസ്തകങ്ങളിൽ തുടർന്നും പഠിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.















