തിരുവനന്തപുരം > സഹകരണ വായ്പസംഘങ്ങളെ ആദായനികുതി പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് സുപ്രീംകോടതി. അവയെ ബാങ്കുകളായി പരിഗണിക്കരുതെന്നും നിർദേശിച്ചു. സഹകരണ വായ്പാസംഘങ്ങൾക്ക് ആദായനികുതി ബാധകമാക്കണമെന്ന ആദായനികുതി വകുപ്പ് മുംബൈ പ്രിൻസിപ്പൽ കമീഷണറുടെ അപ്പീൽ സുപ്രീംകോടതി തള്ളി. സഹകരണ സംഘങ്ങളെ വരിഞ്ഞുമുറുക്കുന്ന കേന്ദ്രനിലപാടിന് വിധി കനത്ത തിരിച്ചടിയായി.
വിധി കേരളത്തിലെ എംപ്ലോയീസ് സഹകരണ സംഘങ്ങൾക്കടക്കം എല്ലാ വായ്പാസംഘങ്ങൾക്കും ഗുണകരമാണ്. വായ്പാ പ്രവർത്തനം നടത്തുന്ന സഹകരണസംഘത്തെ ബാങ്കായി പരിഗണിക്കണമെന്നും ആദായനികുതി നിയമത്തിലെ 80 പി (4) വകുപ്പ് അനുസരിച്ചുള്ള നികുതിയിളവിന് ഇത്തരം സംഘങ്ങൾക്ക് അർഹതയില്ലെന്നുമായിരുന്നു വാദം. അംഗങ്ങൾക്ക് വായ്പ കൊടുക്കുന്നതുകൊണ്ടുമാത്രം സംഘത്തെ ബാങ്കായി പരിഗണിച്ച് ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ പരിധിയിൽപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
നേരത്തേ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് നികുതി ചുമത്തിയ ആദായനികുതിവകുപ്പ് തീരുമാനം സുപ്രീംകോടതി തിരുത്തിയിരുന്നു. കോഴിക്കോട് ആദായനികുതി കമീഷണറും മാവിലായി സർവീസ് സഹകരണ ബാങ്കും എതിർകക്ഷികളായ കേസിലായിരുന്നു അന്നത്തെ തീരുമാനം.
ആദായനികുതി 80(പി) വകുപ്പനുസരിച്ച് സഹകരണ സംഘങ്ങൾക്ക് നികുതി ഇളവിന് അർഹതയുണ്ട്. 80(പി)(4) എന്ന ഉപവകുപ്പ് അനുസരിച്ച് 80 (പി) വകുപ്പിലെ ഇളവുകൾ സഹകരണ ബാങ്കുകൾക്ക് അനുവദിക്കാനാകില്ലെന്നായി ആദായനികുതിവകുപ്പ്. ക്രെഡിറ്റ് സംഘങ്ങൾ നടത്തുന്നത് ബാങ്കിങ് ബിസിനസാണെന്നും അതിനാൽ ഇവ നികുതിയുടെ പരിധിയിലാകുമെന്നും വാദിച്ചു. എന്നാൽ ഇത് ശരിയല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
റിസർവ് ബാങ്കിന്റെ ലൈസൻസോടെ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളാണ് സഹകരണ ബാങ്കുകളെന്ന് ബി ആർ ആക്ടിലെ 22(1)(ബി) വകുപ്പിൽ വിശദമാക്കിയിട്ടുണ്ട്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ സർക്കുലറിലും നികുതി ബാധകമാകുന്നത് ആർബിഐ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകൾക്കാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. സഹകരണ സംഘങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്.