മലപ്പുറം/താനൂർ> പൂരപ്പുഴ ബോട്ട് ദുരന്തം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമീഷൻ സംഭവസ്ഥലം സന്ദർശിച്ചു. റിട്ട. ഹൈക്കോടതി ജസ്റ്റിസ് വി കെ മോഹനനാണ് പൂരപ്പുഴയുടെ തീരത്തെത്തിയത്. ബോട്ട് വിശദമായി പരിശോധിച്ചു. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിലാണ് ജുഡീഷ്യൽ കമീഷനെ നിയമിച്ചത്. ജസ്റ്റിസ് വി കെ മോഹനനെ കൂടാതെ രണ്ടുപേരാണ് കമീഷൻ അംഗങ്ങൾ. സർക്കാർ ഉത്തരവ് ഇറങ്ങിയശേഷം കമീഷൻ യോഗം ചേരുമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ സാങ്കേതിക–- നിയമ വിദഗ്ധരുടെ സഹായം തേടും. ഇത് വ്യക്തിഗത സന്ദർശനമാണ്.
കമീഷൻ അംഗങ്ങളുടെ സന്ദർശനം അടുത്തുതന്നെയുണ്ടാകും. അന്വേഷണത്തിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്തണമെന്ന് സർക്കാർ ഉത്തരവിറങ്ങിയാലേ വ്യക്തമാകൂ –- ജസ്റ്റിസ് വി കെ മോഹനൻ പറഞ്ഞു. പൊലീസിന്റെ അന്വേഷണത്തിന് നേതൃത്വം നൽകുന്ന താനൂർ ഡിവൈഎസ്പി വി വി ബെന്നിയും അദ്ദേഹത്തിനൊപ്പമുണ്ടായി.