ചവറ > കൊല്ലം നീണ്ടകരയില്‍ തമിഴ്നാട് സ്വദേശിയെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പുത്തൻതുറയിൽ ക്ഷേത്രനിർമാണത്തിന് എത്തിയ തമിഴ്നാട് മധുര ഇല്യാസ് നഗർ ബാലാജി അപ്പാർട്മെന്റിൽ മഹാലിംഗം (54) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം കറുകച്ചാൽ താഴത്തുപറമ്പിൽ ബിജുവിനെ (38) ചവറ പൊലീസ് പിടികൂടി. നിർമാണത്തിലിരിക്കുന്ന ക്ഷേത്രത്തിനുള്ളിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് മഹാലിംഗത്തെ ബിജു തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.
നീണ്ടകര പുത്തൻതുറ കൊന്നയിൽ ബാലഭദ്ര ദേവീക്ഷേത്രത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ക്ഷേത്ര നിർമാണത്തിന് എത്തിയവരാണ് ഇരുവരും. ഇന്നലെ രാത്രി ഇവർ തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായതായി പറയുന്നു. ഇതിനുശേഷം പുലർച്ചെ ഒന്നരയോടെ ഉറങ്ങിക്കിടക്കുകയായിരുന്ന മഹാലിംഗത്തിന്റെ തലയില്‍ കമ്പിവടി കൊണ്ട് ബിജു അടിക്കുകയായിരുന്നു. തുടര്‍ന്ന് ബിജു തന്നെ ആംബുലന്‍സ് വിളിച്ചു. ആംബുലൻസ് ജീവനക്കാർ എത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ മഹാലിംഗത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ചവറ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു ഫോറൻസിക് വിഭാഗം പരിശോധന നടത്തിയ ശേഷം ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ്മോർട്ടത്തിന് അയയ്ക്കും.