ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന രാജസ്ഥാനിൽ കോൺഗ്രസിനും മുഖ്യമന്ത്രി അശോക് ഗെലോട്ടിനും വെല്ലുവിളി ഉയർത്തിയുള്ള സച്ചിൻ പൈലറ്റിന്റെ ‘ജനജാഗ്രതാ’ പദയാത്രയ്ക്ക് തുടക്കം.
ചോദ്യപേപ്പർ ചോർച്ചയടക്കം സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ജാഥ. ഇത് കോൺഗ്രസ് ജാഥയല്ലെന്നും സച്ചിൻ പൈലറ്റിന്റെ വ്യക്തിപരമായ പരിപാടിയാണെന്നും പിസിസി പ്രസിഡന്റ് ഗോവിന്ദ് സിങ് ദൊരാസാര പറഞ്ഞു. ആരെയും ലക്ഷ്യമിട്ടല്ല ജാഥയെന്ന് സച്ചിൻ പ്രതികരിച്ചു. അഞ്ചുദിവസം നീളുന്ന യാത്രയിൽ കോൺഗ്രസ് പതാകയ്ക്കു പകരം ദേശീയ പതാകയാണ് സച്ചിന്റെ അണികൾ ഉയർത്തുന്നത്.
അജ്മീറിൽ പൊതുയോഗത്തോടെയാണ് ജാഥയ്ക്ക് തുടക്കമായത്. ട്രെയിനിൽ അജ്മീറിലെത്തിയ സച്ചിന് അണികൾ ഉജ്വല സ്വീകരണമൊരുക്കി. വസുന്ധര രാജെ സർക്കാരിന്റെ അഴിമതികളിൽ നടപടി ഉറപ്പുനൽകിയാണ് കോൺഗ്രസ് അധികാരത്തിൽ വന്നത്. എന്നാൽ, ഒരന്വേഷണവും ഉണ്ടായില്ല. ഇത് ജനങ്ങളോടുള്ള വഞ്ചനയാണ്–- സച്ചിൻ പറഞ്ഞു.
ഇന്ന് ഡൽഹിയിൽ നേതൃയോഗം
രാജസ്ഥാനിൽ അശോക് ഗെലോട്ട്–- സച്ചിൻ പൈലറ്റ് പോര് മുറുകുന്ന പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ നിർണായക നേതൃയോഗം വെള്ളിയാഴ്ച ഡൽഹിയിൽ ചേരും. രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദർ സിങ് രൺധാവ വിളിച്ച യോഗത്തിൽ പിസിസി പ്രസിഡന്റ് ഗോവിന്ദ് സിങ് ഡൊടാസ്രയടക്കം സംസ്ഥാനത്തുനിന്നുള്ള നേതാക്കൾ പങ്കെടുക്കും.
കഴിഞ്ഞ മാസം ഗെലോട്ട് സർക്കാരിനെതിരെ സച്ചിൻ ഉപവാസം നടത്തിയപ്പോൾ പാർടിവിരുദ്ധ പ്രവർത്തനത്തിൽ നടപടി എടുക്കുമെന്ന് രൺധാവ പറഞ്ഞിരുന്നു. എന്നാൽ, കർണാടക തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ നടപടി ഒഴിവാക്കാൻ നേതൃത്വം നിർദേശിച്ചു. പകരം കർണാടകത്തിലെ താരപ്രചാരകരുടെ പട്ടികയിൽനിന്ന് ഒഴിവാക്കി.