ചെർപ്പുളശേരി
പ്രസിദ്ധമായ തൂത പൂരം വെള്ളിയാഴ്ച ആഘോഷിക്കും. വിവിധ ദേശങ്ങൾ ഇരുവിഭാഗങ്ങളിലായി എഴുന്നള്ളത്തും കൂടിക്കാഴ്ചയും കൂടമാറ്റവുമായെത്തി തൂതപ്പുഴയോരത്തെ ആഹ്ലാദത്തിമിർപ്പിലാഴ്ത്തും. ചൊവ്വാഴ്ച കരുമാനാംകുറുശി, ആലുംപാറ, കാറൽമണ്ണ അമ്പലവട്ടം, നരിപ്പറ്റപ്പടി, കാളിക്കടവ്, പുളിഞ്ചോട്, വാഴേങ്കട, അമ്പലക്കുന്ന്, എടായ്ക്കൽ, പുന്നക്കുന്ന്, 29––ാംമൈൽ, ആലിപ്പറമ്പ് എഴുന്നള്ളത്തുകൾ ‘എ’ വിഭാഗമായെത്തും. മാരായമംഗലം, വടക്കുംമുറി, തെക്കുംമുറി, തൂത, ഹെൽത്ത് സെന്റർ, മൂച്ചിത്തോട്ടം, കുണ്ടുപുറം, പടിഞ്ഞാറ്റുമുറി, കിഴക്കേ തെക്കുംമുറി, ഇലഞ്ഞിക്കൽ, വേട്ടേക്കരൻ കാവ്, പടിഞ്ഞാറേ നടുവട്ടം, ആലിൻചുവട് എഴുന്നള്ളത്തുകൾ ‘ബി’ വിഭാഗമായാണ് പങ്കെടുക്കുക. ഇരുഭാഗത്തും 15 വീതം ആനകൾ അണിനിരക്കും. ഉച്ചയ്ക്കുശേഷം വിവിധ കേന്ദ്രങ്ങളിൽനിന്ന് എഴുന്നള്ളത്ത് പുറപ്പെടും.
ആനകളും വാദ്യമേളങ്ങളും, തിറ, പൂതൻ തുടങ്ങിയവ അകമ്പടിയേകും. വൈകിട്ട് ഇരുവിഭാഗം എഴുന്നള്ളിപ്പുകളും ക്ഷേത്രസന്നിധിയിൽ അഭിമുഖമായി നിരക്കും. ദേവസ്വം എഴുന്നള്ളത്തിൽ ചെർപ്പുളശേരി ശേഖരൻ തിടമ്പേന്തും. ഇതോടെ പഞ്ചവാദ്യം തുടങ്ങും. പുലർച്ചെ അഞ്ചിന് വിളംബര കതിനകൾ മുഴങ്ങും. ശനി പകൽ 12ന് തൂതപ്പുഴയിൽ ആറാട്ടോടെ പൂരം കൊടിയിറങ്ങും.
പൂരത്തിന്റെ വരവറിയിക്കുന്ന കാളവേല വ്യാഴാഴ്ച ആഘോഷിച്ചു. രാവിലെ ഏഴിന് ആറാട്ടോടെയായിരുന്നു തുടക്കം. ചെർപ്പുളശേരി, നെല്ലായ, ആലിപ്പറമ്പ് ദേശങ്ങളിൽനിന്നുള്ള 50 ഇണക്കാളക്കോലങ്ങൾ കാളവേലയിൽ അണിനിരന്നു. തട്ടകദേശങ്ങളിൽനിന്ന് കാളവേല എഴുന്നള്ളത്ത് പാതയോരങ്ങളിൽ വർണം വിതറി രാത്രി ക്ഷേത്രമൈതാനത്തെ കാളക്കുന്നിൽ അണിനിരന്നു. കാളക്കുന്നിൽനിന്ന് 10ന് വേലയുടെ അകമ്പടിയിൽ വെളിച്ചപ്പാട് കാളക്കോലങ്ങളെ സ്വീകരിച്ചു. തട്ടകദേശങ്ങളിൽനിന്നും കാളവേല എഴുന്നള്ളത്തുകളുണ്ടായി. വൈകിട്ട് ഇണക്കാളക്കോലങ്ങൾ വിവിധ വാദ്യമേളങ്ങളും ആർപ്പുവിളികളുമായി ക്ഷേത്രത്തിലെത്തി. പഞ്ചവാദ്യം, കാളവേലകളുടെ ക്ഷേത്രപ്രദക്ഷിണം എന്നിവയോടെ സമാപിച്ചു.
ചാരുതയായ് ചമയകാഴ്ച
ചെർപ്പുളശേരി
തൂത പൂരത്തിന്റെ മുന്നോടിയായി ആനച്ചമയ പ്രദർശനം കാഴ്ച വിരുന്നായി. എ വിഭാഗം കാറൽമണ്ണ കുഞ്ചുനായർ ട്രസ്റ്റ് ഹാളിലും ബി വിഭാഗം ചമയ പ്രദർശനം തൂത സർഗ ഓഡിറ്റോറിയത്തിലുമായിരുന്നു. ബി വിഭാഗത്തിന്റെ പ്രദർശനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളിയും എ വിഭാഗത്തിന്റേത് കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, കലാമണ്ഡലം കൃഷ്ണൻ എന്നിവരും ഉദ്ഘാടനം ചെയ്തു. 15 ആനകളുടെ കോലങ്ങളും നെറ്റിപ്പട്ടങ്ങളും കുടകളും ആലവട്ടം, വെൺചാമരം ഉൾപ്പെടെയുള്ള ചമയങ്ങളാണ് പ്രദർശിപ്പിച്ചത്. എ വിഭാഗം പാറമേക്കാവ് വിഭാഗത്തിന്റെയും ബി വിഭാഗം തിരുവമ്പാടി വിഭാഗത്തിന്റെയും 16 വീതം വർണക്കുടകളും പ്രദർശനത്തിലുൾപെടുത്തി. കുടമാറ്റത്തിന് തൃശൂർ പൂരത്തിന്റെ വർണക്കുടകൾ തന്നെയാണ് ഇരു വിഭാഗവും ഉപയോഗിക്കുക.















