താനൂർ (മലപ്പുറം)> ഒട്ടുംപുറം പൂരപ്പൂഴയിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ സ്രാങ്ക് ഉൾപ്പെടെ ഒളിവിലായിരുന്ന നാലുപേർ അറസ്റ്റിൽ. അപകടദിവസം ബോട്ട് ഓടിച്ച വാളപ്പുറത്ത് ദിനേശൻ (45), ബോട്ടുടമ നാസറിന്റെ സഹോദരൻ പാട്ടരകത്ത് സലാം (53), ബന്ധുവായ പാട്ടരകത്ത് വാഹിദ് (27), വളപ്പിലകത്ത് മുഹമ്മദ് ഷാഫി (37) എന്നിവരെയാണ് അന്വേഷകസംഘം താനൂരിൽനിന്ന് അറസ്റ്റുചെയ്തത്. ഒരു ബോട്ട് ജീവനക്കാരൻ ഒളിവിലാണ്. നാസറിനെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് മറ്റ് മൂന്നുപേരുടെ അറസ്റ്റ്.
കൊലക്കുറ്റംചുമത്തി റിമാൻഡ് ചെയ്ത നാസറിനെ പൊലീസ് കസ്റ്റഡിയിൽ കിട്ടാൻ അടുത്തദിവസം കോടതിയിൽ അപേക്ഷ നൽകും. അറസ്റ്റിലായ ദിനേശനെയും മറ്റുള്ളവരെയും പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്തശേഷം പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അറ്റ്ലാന്റിക് ബോട്ട് ഫോറൻസിക് വിഭാഗം പരിശോധിച്ചു. ജോ. ഡയറക്ടർ ആർ റാഹില, മലപ്പുറം സയന്റിഫിക് ക്രൈംബ്രാഞ്ചിലെ ശ്രീക്കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിൽ 15 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.