തിരുവനന്തപുരം
എഐ കാമറ വിവാദം തിരിഞ്ഞുകുത്തിയതോടെ തടിതപ്പാൻ പ്രതിപക്ഷം. തങ്ങൾക്ക് കിട്ടിയ പല വിവരവും തെറ്റായിരുന്നെന്ന വിലയിരുത്തലിലാണ് നേതാക്കൾ. പ്രതിപക്ഷ നേതാവ് വി ഡി സതീശനോ രമേശ് ചെന്നിത്തലയ്ക്കോ തങ്ങൾ പറഞ്ഞ കാര്യങ്ങൾ സ്ഥാപിക്കാനോ പറഞ്ഞതിലെ വൈരുധ്യങ്ങൾ വിശദീകരിക്കാനോ കഴിഞ്ഞില്ലെന്ന വിലയിരുത്തലിലാണ് മാധ്യമങ്ങളും.
കെൽട്രോണിനെയും മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളെയും അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തുകയായിരുന്നു. എൽഡിഎഫ് സർക്കാരിനോടുള്ള കടുത്ത വിരോധംകൊണ്ട് വസ്തുത തെല്ലുമില്ലാത്ത അഴിമതി ആരോപണങ്ങൾ നിരന്തരം ഉന്നയിച്ചതോടെ മാധ്യമങ്ങൾക്കും നേതാക്കൾക്കുമെതിരെ കമ്പനികൾ നിയമനടപടിയും തുടങ്ങി.
ചൊവ്വാഴ്ച സതീശൻ വാർത്താസമ്മേളനം വിളിച്ചെങ്കിലും ഉപേക്ഷിച്ചു. ബുധനാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞതാകട്ടെ തനിക്ക് മറുപടി പറയേണ്ടത് എം വി ഗോവിന്ദനല്ല മുഖ്യമന്ത്രിയാണ് എന്നാണ്. രണ്ട് നേതാക്കൾ പറഞ്ഞതിലെ വൈരുധ്യം മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ രണ്ടും ഒന്നാണെന്ന വിശദീകരണവും. 132ഉം 100ഉം പറഞ്ഞതും ശരിയാണ്. ചെലവഴിക്കാത്ത 66 കോടി കൂടി ഉൾപ്പെടുത്തിയാണ് ചെന്നിത്തല പറഞ്ഞതെന്നായി. സതീശന്റെ വാദമാണ് ശരിയെങ്കിൽ, ചെന്നിത്തല ഉന്നയിച്ച യഥാർഥ അഴിമതി 66 കോടി രൂപയുടേത് മാത്രമാകും. എന്നാൽ, മെയ് രണ്ടിന് രമേശ് ചെന്നിത്തല കാസർകോട്ട് പറഞ്ഞത് പദ്ധതിക്ക് കേവലം 100 കോടിയുടെ ചെലവേ ഉള്ളൂ, 132 കോടിയുടെ അഴിമതി നടത്തിയെന്നാണ്.
എം വി ഗോവിന്ദന്റെ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളുടെ കണക്കിലെ വൈരുധ്യങ്ങൾ മാത്രമല്ല, മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിച്ച ഒരുകാര്യത്തിലും വസ്തുതയില്ലെന്ന് കണക്കുസഹിതം വിശദമാക്കിയിരുന്നു. അതിന് മറുപടി ഇല്ലാതായപ്പോഴാണ് മുഖ്യമന്ത്രി പറയട്ടേ എന്ന മുട്ടാപ്പോക്കിലേക്ക് സതീശൻ എത്തിയത്. സ്വന്തം വിശ്വാസ്യത കളഞ്ഞുകുളിച്ച പ്രതിപക്ഷവും മാധ്യമങ്ങളും ഒരിക്കൽക്കൂടി നടത്തിയ പൊറാട്ടുനാടകമായി ഒടുങ്ങുകയാണ് എഐ കാമറ വിവാദവും.