കൊച്ചി > വീണാ ജോർജ് അടക്കമുള്ള വനിതാമന്ത്രിമാരെ മാധ്യമങ്ങൾ പിന്തുടർന്നു വേട്ടയാടുന്നതിൽ അത്ഭുതപ്പെടേണ്ടതില്ലെന്ന് എഴുത്തുകാരന് അശോകന് ചരുവില്. വനിതാ മന്ത്രിമാരെ മാധ്യമങ്ങള് എല്ലാക്കാലത്തും പിന്തുടര്ന്നു വേട്ടയാടാറുണ്ട്. ഭരണ നേതൃത്വത്തിലേക്ക് സ്ത്രീകള് എത്തുമ്പോഴുണ്ടാകുന്ന അസഹിഷ്ണുതയാണ് ഇതെന്നും സംഘപരിവാർ മുന്നോട്ടു വെക്കുന്ന സ്ത്രീ, ദളിത്, ന്യൂനപക്ഷ വിരുദ്ധ മൂല്യങ്ങളാണ് കേരളത്തിലെ വലതുപക്ഷ പത്രങ്ങളെ നയിക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഡോക്ടര് വന്ദനയുടെ മരണം സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിച്ച മന്ത്രി വീണാ ജോര്ജിന്റെ വാക്കുകളെ പല മാധ്യമങ്ങളും വളച്ചൊടിച്ചിരുന്നു. മന്ത്രിക്കെതിരെ വ്യാപകമായ സൈബര് ആക്രമണവും നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അശോകന് ചരുവിലിന്റെ കുറിപ്പ്.
വിമോചനസമരകാലത്ത് മാധ്യമങ്ങള് ഏറ്റവുമധികം വേട്ടയാടിയത് കെ ആര് ഗൗരിയെ ആയിരുന്നു. അന്ന് വിമോചനസമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത മാധ്യമങ്ങള് ഇന്ന് സംഘപരിവാറിന് കേരളത്തില് മേല്വിലാസം ഉണ്ടാക്കിയെടുക്കുക എന്ന ദൗത്യത്തിലാണ്. ചരിത്രത്തില് സ്ത്രീകള് ഏറ്റവുമധികം ആക്രമിക്കപ്പെട്ടിട്ടുള്ളത് ഹിന്ദുത്വ വാഴ്ചക്കാലത്താണ്. ആ ഹിന്ദുത്വത്തിന്റെ ജീര്ണമൂല്യങ്ങളാണ് ഇന്ന് മാധ്യമങ്ങളെ നയിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറിപ്പിലൂടെ പറഞ്ഞു.
അശോകന് ചരുവിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്ണരൂപം
വാക്കുകളെ വളച്ചൊടിച്ചും ദുർവ്യാഖ്യാനം ചെയ്തുമാണ് മാധ്യമങ്ങൾ ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജിനെ അപമാനിക്കാൻ ശ്രമിച്ചത്. വീണാ ജോർജ് അടക്കമുള്ള വനിതാമന്ത്രിമാരെ മാധ്യമങ്ങൾ പിന്തുടർന്നു വേട്ടയാടുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. ഭരണനേതൃത്തത്തിൽ സ്ത്രീകളെ കാണുമ്പോഴുള്ള അസഹിഷ്ണതയാണത്. എന്തായാലും കഴിഞ്ഞ മന്ത്രിസഭയിലെ കെ കെ ശൈലജ ടീച്ചർ നേരിട്ടതു പോലുള്ള ഒരു വേട്ടയ്ക്ക് സഖാവ് വീണാ ജോർജ് ഇനിയും വിധേയയായിട്ടില്ല. അന്നത്തെ പ്രതിപക്ഷ നേതാക്കളും അവരുടെ മാധ്യമങ്ങളും ഒരു ഘട്ടത്തിൽ ടീച്ചറെ വളഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നു.
കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവുമേറെ ആക്രമണത്തിനു വിധേയയായത് ആദ്യത്തെ വനിതാമന്ത്രി സഖാവ് ഗൗരിയമ്മ തന്നെയാണ്. വിമോചനസമരത്തിന്റെ നടത്തിപ്പ് ഏറ്റെടുത്ത പത്രങ്ങൾ അസഭ്യമല്ലാതെ മറ്റൊന്നും അവരെക്കുറിച്ച് പറഞ്ഞിട്ടില്ല. വിമോചനസമരത്തിനു ശേഷം ഇന്ന് മാധ്യമങ്ങൾ വീണ്ടും ഒരു ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. അത് സംഘപരിവാറിന് കേരളത്തിൽ മേൽവിലാസം ഉണ്ടാക്കുക എന്നതാണ്. സ്വഭാവികമായും രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ ജീർണമൂല്യങ്ങളും അക്രമാസക്തിയുമാണ് ഇന്ന് മാധ്യമങ്ങളെ നയിക്കുന്നത്.
ലോകചരിത്രത്തിൽ സ്ത്രീ ഏറ്റവുമേറെ വേട്ടയാടപ്പെട്ടിട്ടുള്ളത് ഹിന്ദുത്വ പൗരോഹിത്യവാഴ്ചയുടെ കാലത്ത് ഇന്ത്യയിലാണ്. ഒരു കാലത്ത് കേരളത്തിലെ ബ്രാഹ്മണഗൃഹങ്ങളിലെ സ്ത്രീയുടെ ജീവിതം അതിന്റെ ഉദാഹരണമായി കാണാം. ജീവിതകാലം മുഴുവൻ അന്ധകാരത്തിലാണ് അവൾ കഴിഞ്ഞിരുന്നത്. വിദ്യയഭ്യസിക്കാനോ, മാന്യമായി വസ്ത്രം ധരിക്കാൻ പോലുമോ അവർ അവളെ അനുവദിച്ചിരുന്നില്ല.
വേറെ ഏതു മതമാണ്, ദർശനമാണ് സ്ത്രീക്ക് സ്വാതന്ത്ര്യത്തിന് അവകാശമില്ല (ന സ്ത്രീ സ്വാതന്ത്ര്യമർഹതി!) എന്ന് ഇത്ര ഉറക്കെ വിളിച്ചു പറഞ്ഞിട്ടുള്ളത്? വേറെ ഏതു രാജ്യത്താണ്, ഏതു മതമാണ് വിധവയെ യാചിക്കാൻ വേണ്ടി നിരത്തിലേക്ക് ഇറക്കിവിട്ടിട്ടുള്ളത്? ചിതയിലേക്ക് എറിഞ്ഞു കൊന്നിട്ടുള്ളത്? ദേശീയ പ്രസ്ഥാനത്തിന്റെ ജനാധിപത്യ മൂല്യങ്ങളല്ല; സംഘപരിവാർ മുന്നോട്ടു വെക്കുന്ന സ്ത്രീ, ദളിത്, ന്യൂനപക്ഷ വിരുദ്ധ മൂല്യങ്ങളാണ് കേരളത്തിലെ വലതുപക്ഷ പത്രങ്ങളെ നയിക്കുന്നത്. അവർക്ക് ഭരണനേതൃത്തിൽ സ്ത്രീയെ കാണുന്നത് സഹിക്കാൻ കഴിയുന്ന കാര്യമല്ല.