തിരുവനന്തപുരം> സംസ്ഥാന സ്പോർട്സ് കൗൺസിൽ ഏർപ്പെടുത്തിയ 2020–-21ലെ ജി വി രാജ പുരസ്കാരം ലോങ്ജമ്പ് താരം എം ശ്രീശങ്കറിനും ബാഡ്മിന്റൺ കളിക്കാരി അപർണ ബാലനും. മൂന്നുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് അവാർഡ്. ഫുട്ബോൾ പരിശീലകൻ ടി കെ ചാത്തുണ്ണിക്കാണ് ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് ബഹുമതി. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും. 20-ന് പകൽ 11-ന് തിരുവനന്തപരും ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്പോർട്സ് മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനാകും.
മികച്ച കോച്ചിനുള്ള ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും നീന്തൽ പരിശീലകൻ പി എസ് വിനോദിനാണ്. മികച്ച കായികനേട്ടങ്ങൾ കൈവരിച്ച കോളേജ് പാലാ അൽഫോൺസയാണ്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും ലഭിക്കും. മികച്ച സ്പോർട്സ് റിപ്പോർട്ടറായി അനിരു അശോകനെയും (മാധ്യമം) ഫോട്ടോഗ്രാഫറായി ജോസ്കുട്ടി പനയ്ക്കലിനെയും (മലയാള മനോരമ) തെരഞ്ഞെടുത്തു. ദ-ൃശ്യമാധ്യമ അവാർഡ് ഏഷ്യാനെറ്റിലെ ജോബി ജോർജിനാണ്. ഇവർക്കും 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും ലഭിക്കും. സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ ലീനയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ആദ്യം അമ്മയ്ക്ക് ഇപ്പോൾ മകനും
ജി വി രാജ പുരസ്കാരം ലഭിച്ച വിവരം അറിയുമ്പോൾ എം ശ്രീശങ്കറും അച്ഛനും കോച്ചുമായ എസ് മുരളിയും ഗ്രീസിലെ ഏതൻസിലാണ്. പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ശ്രീശങ്കർ പറഞ്ഞു. അംഗീകാരങ്ങൾ ഏപ്പോഴും പ്രചോദനമാണ്. അടുത്ത മത്സരങ്ങൾക്ക് അത് ഊർജ്ജം പകരുമെന്നും ശ്രീശങ്കർ പറഞ്ഞു. മകന്റെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് മുരളി പറഞ്ഞു. അമേരിക്കയിലെ പരിശീലനത്തിനും മത്സരത്തിനും ശേഷമാണ് ഗ്രീസിലെത്തിയത്. 24ന് നടക്കുന്ന മീറ്റിൽ പങ്കെടുക്കുന്നുണ്ട്. ജൂണിൽ രണ്ട് ചാമ്പ്യൻഷിപ്പുകളിൽക്കൂടി മത്സരിക്കും. അതിലൊന്ന് പാരിസിലാണ്.
കഴിഞ്ഞയാഴ്ച അമേരിക്കയിലെ ചുലാവിസ്തയിൽ നടന്ന മീറ്റിൽ സ്വർണം നേടിയിരുന്നു. ഈ സീസണിലെ ആദ്യ രാജ്യാന്തര മീറ്റ് സ്വർണമാണ്. ശ്രീശങ്കറിന്റെ അമ്മ കെ എസ് ബിജിമോൾക്ക് 1997ൽ ജി വി രാജ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ജൂനിയർ ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് മീറ്റിൽ 800 മീറ്ററിൽ വെള്ളിയും 4×400 മീറ്റർ റിലേയിൽ സ്വർണവും നേടിയിട്ടുണ്ട്. മകന്റെ നേട്ടത്തിൽ സന്തോഷമുണ്ടെന്ന് ബിജിമോൾ പറഞ്ഞു.
വൈകിക്കിട്ടിയതിന് മധുരം കൂടുതൽ
വൈകി കിട്ടുന്നതിനാണ് മധുരം കൂടുതലെന്ന് അപർണ ബാലൻ. അതിനാൽ പുരസ്കാരം ഏറെ പ്രിയപ്പെട്ടതാണ്. എന്റെ കരിയറിന് താങ്ങായിനിന്ന എല്ലാവർക്കുമുള്ളതാണ് ഈ അംഗീകാരം. വനിതകൾ കായികമേഖലയിൽ തുടരുന്നത് ഏറെ പ്രയാസങ്ങൾ നേരിട്ടാണ്. വ്യക്തിപരമായ പല സന്തോഷങ്ങളും വേണ്ടെന്നുവയ്ക്കേണ്ടിവരും. ആ പ്രയാസങ്ങളെല്ലാം മറക്കുക ഇത്തരം സന്തോഷങ്ങളിലൂടെയാണെന്ന് അപർണ പ്രതികരിച്ചു.