തിരുവനന്തപുരം
കെൽട്രോൺ സിസിടിവി കാമറാ പദ്ധതികൾ ഏറ്റെടുത്തു തുടങ്ങിയത് നാലു പതിറ്റാണ്ടുമുമ്പ്. എൺപതുകളിൽ ഇന്ത്യൻ പാർലമെന്റ് മന്ദിരവും അനക്സും ഉൾപ്പെടെ നൂറോളം കാമറകളും അനുബന്ധ ഉപകരണങ്ങളും കൂട്ടിയിണക്കി ബൃഹത്തായ സെക്യൂരിറ്റി സർവയലൻസ് സിസ്റ്റം ഒരുക്കിയത് കെൽട്രോണായിരുന്നു. തുടർന്ന് പ്രധാനമന്ത്രിയുടെ വീട് അടക്കമുള്ള തന്ത്രപ്രധാന മേഖലകളിൽ സുരക്ഷാ സംവിധാനം ഒരുക്കിയതും കെൽട്രോണായിരുന്നെന്ന് സ്ഥാപനത്തിൽ തുടക്കം മുതൽ പ്രവർത്തിക്കുകയും എംഡിയായി പടിയിറങ്ങുകയും ചെയ്ത സതീഷ്കുമാർ പറയുന്നു.
ഇന്ത്യയിലുടനീളമുള്ള താപ വൈദ്യുതി നിലയങ്ങളിലെ കൺട്രോൾ ഇൻസ്ട്രമെന്റേഷൻ സംവിധാനങ്ങൾ നിർമിച്ച് പ്രവർത്തിപ്പിച്ചു. ആകാശവാണി എഫ്എം ട്രാൻസ്മിഷൻ തുടങ്ങിയ കാലത്ത് സ്റ്റുഡിയോയ്ക്കും ട്രാൻസ്മിഷനും ആവശ്യമായ ഉപകരണങ്ങൾ തദ്ദേശീയമായി വികസിപ്പിച്ച് നിർമിച്ച് നൽകിയ സാങ്കേതികവിദ്യ സ്വന്തമാക്കിയ ചുരുക്കം കമ്പനികളിലൊന്നാണ് കെൽട്രോൺ.
രാജ്യത്തെ നിരവധി നഗരങ്ങളിലെ ഓട്ടോമാറ്റിക് ട്രാഫിക് മാനേജ്മെന്റ സംവിധാനം നടപ്പാക്കിയതും രാജ്യത്തെ ആദ്യ മെട്രോലൈനായ കൊൽക്കത്താ മെട്രോയുടെ ഓട്ടോമാറ്റിക് പാസഞ്ചർ മാനേജ്മെന്റ് സംവിധാനം നടപ്പാക്കിയതും കെൽട്രോണാണ്. യുദ്ധ കപ്പലുകളുടെ ഓട്ടോ പൈലറ്റും നിയന്ത്രണ സംവിധാനങ്ങളും അടങ്ങിയ പാക്കേജുകളും നടപ്പാക്കി. പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും പ്രമുഖ കമ്പനികളുമായി മത്സരിച്ചാണ് ഇവയിലൊക്കെ കെൽട്രോൺ കരാർ സ്വന്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.