കണ്ണൂർ> സാമ്പത്തികഘടന തകരുമെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ് സാമ്പത്തിക അച്ചടക്കത്തിലൂടെ കേരളം നൽകിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എൽഡിഎഫ് കണ്ണൂർ മണ്ഡലം റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പ്രതിപക്ഷവും മാധ്യമങ്ങളും ഒന്നിച്ചായിരുന്നു സർക്കാരിനെതിരായ പ്രചാരവേല. സാമ്പത്തികഘടന തകർന്ന് കേരളം ഒന്നുമല്ലാതാകാൻ പോകുന്നുവെന്നായിരുന്നു പ്രചാരണം. എന്നാൽ, കേരളത്തിന് കൃത്യമായ കണക്കുകളുണ്ടായിരുന്നു. കൃത്യമായ സാമ്പത്തിക അച്ചടക്കം എൽഡിഎഫ് സർക്കാർ നടപ്പാക്കി. ചെലവുകൾ നിയന്ത്രിച്ചും സർക്കാരിന് ലഭിക്കേണ്ട വരുമാനം കൃത്യമായി ഉറപ്പാക്കിയും സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയായിരുന്നു. നേരത്തേ തെറ്റായ പ്രചാരവേല നടത്തിയ മനോരമയടക്കമുള്ള മാധ്യമങ്ങൾക്കു തന്നെ ഇപ്പോൾ തിരിച്ചെഴുതേണ്ടി വന്നു. സിഎജിയുടെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഈ മാധ്യമങ്ങൾക്ക് സത്യാവസ്ഥ നൽകേണ്ടിവന്നത്.
കേന്ദ്രസർക്കാരിന്റെ എല്ലാവിധ ശ്വാസംമുട്ടിക്കലുകളെയും മറികടന്നാണ് കേരളം മുന്നോട്ടുപോകുന്നത്. സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതിനുള്ള ഉപരോധപ്രവർത്തനങ്ങളായിരുന്നു കേന്ദ്രസർക്കാരിന്റേത്. കേന്ദ്രവിഹിതങ്ങളടക്കം വെട്ടിക്കുറച്ചു. അതിനെയൊക്കെ അതീജീവിക്കുകയായിരുന്നു കേരളം. ക്ഷേമ പദ്ധതികളിൽനിന്ന് പിറകോട്ടുപോയല്ല, എല്ലാ ക്ഷേമപെൻഷനുകളും അർഹരുടെ കൈയിലെത്തിച്ചുകൊണ്ടുതന്നെയാണിതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.