ന്യൂഡൽഹി> തനിക്ക് എതിരായ കസ്റ്റഡി കൊലപാതകകേസിൽ അധികതെളിവുകൾ സമർപ്പിക്കാൻ അനുവദിക്കണമെന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ്ഭട്ടിന്റെ ഹർജി സുപ്രീംകോടതി തള്ളി. തന്നെ ശിക്ഷിച്ച ഹൈക്കോടതി ഉത്തരവിന് എതിരെ സഞ്ജീവ്ഭട്ട് സമർപ്പിച്ച അപ്പീൽ ഗുജറാത്ത് ഹൈക്കോടതി പരിഗണനയിലാണ്. സിആർപിസി 391ാം വകുപ്പ് പ്രകാരം അധികതെളിവുകൾ സമർപ്പിക്കാൻ അനുവദിക്കണമെന്ന സഞ്ജീവ്ഭട്ടിന്റെ അപേക്ഷ ഹൈക്കോടതി തള്ളി. ഈ സാഹചര്യത്തിലാണ് സഞ്ജീവ്ഭട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
ജസ്റ്റിസ് എം ആർ ഷാ തന്റെ അപേക്ഷ പരിഗണിക്കാൻ പാടില്ലെന്ന് സഞ്ജീവ്ഭട്ട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും സുപ്രീംകോടതി തള്ളി. അധികതെളിവുകൾ സമർപ്പിക്കാൻ അനുവദിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.