തിരുവനന്തപുരം> പ്രതിപക്ഷവും മാധ്യമങ്ങളും ചേർന്ന് കള്ളപ്രചാരണം അഴിച്ചുവിട്ട് വിവാദം സൃഷ്ടിച്ചതിൽ മനംനൊന്ത് കേരളം വിടാനൊരുങ്ങുന്നത്, മലയാളിയുടെ നേതൃത്വത്തിലുള്ള ലോകപ്രശസ്ത സ്ഥാപനം. 23 വർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള എസ്ആർഐടി അമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലും അടക്കം 19 രാജ്യങ്ങളിലായി 170ൽ അധികം പദ്ധതികൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ബംഗളൂരു ആസ്ഥാനമായ കമ്പനിയുടെ സ്ഥാപകനും സിഇഒയും മലയാളിയായ ഡോ. മധു നമ്പ്യാരാണ്.
ഹെൽത്ത് കെയർ സിസ്റ്റം, എന്റർപ്രൈസ് ഇ–-ഗവേണൻസ് ആപ്ലിക്കേഷൻ, ടെലികോം മാനേജ്ഡ് സർവീസ് തുടങ്ങി സുപ്രധാന മേഖലകളിൽ പ്രവൃത്തി പരിചയമുള്ള എസ്ആർഐടി ചെയ്ത പദ്ധതികളിൽ നാൽപ്പതോളം കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ടതാണ്. വിപ്രോ, അമേരിക്കൻ ടെലികെയർ, എത്തിസലാത്ത്, ബിഎസ്എൻഎൽ, ജിൻഡാൽ സ്റ്റീൽ, കാലിഫോർണിയ ട്രാൻസ്ക്രിപ്ഷൻ തുടങ്ങി പ്രശ്സത സ്ഥാപനങ്ങൾക്കുവേണ്ടി പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ട്. കെ ഫോൺ പദ്ധതിയുമായി സഹകരിച്ചശേഷമാണ് സംസ്ഥാന സർക്കാരിന്റെ റോഡ് സുരക്ഷാ പദ്ധതിയായ സേഫ് കേരളയിലേക്ക് വരുന്നത്.
കെൽട്രോൺ ടെൻഡറിൽ എസ്ആർഐടി അടക്കം നാലു കമ്പനിയാണ് പങ്കെടുത്തത്. ഇതിൽ സാങ്കേതിക പരിശോധനാ സമിതി ഒരു കമ്പനിയുടെ അപേക്ഷ തള്ളി. മൂന്നു കമ്പനിയിൽ കുറഞ്ഞ തുക ക്വാട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എസ്ആർഐടിക്ക് കരാർ ലഭിച്ചത്. ജിഎസ്ടി ഒഴികെ 129.66 കോടി രൂപയാണ് ക്വാട്ട് ചെയ്തത്. തുടർന്ന് കെൽട്രോൺ നടത്തിയ ചർച്ചയിൽ 128.15 കോടിക്കാണ് കരാർ ഏറ്റെടുത്തത്.
23.06 കോടി രൂപ കമ്പനി ജിഎസ്ടി ആയും ആറു കോടി രൂപ കെൽട്രോണിൽ നിക്ഷേപമായും നൽകി. പദ്ധതി പൂർത്തിയാക്കിയെങ്കിലും അഞ്ചു വർഷംകൊണ്ടാണ് എസ്ആർഐടിക്ക് തുക തിരികെ ലഭിക്കുക.എസ്ആർഐടിക്ക് യോഗ്യതയും പ്രവൃത്തിപരിചയവുമില്ലെന്ന് മാധ്യമങ്ങളും പ്രതിപക്ഷവും പലവട്ടം ആക്ഷേപിച്ചിരുന്നു. കോവിഡ് കാലത്ത് കേരളത്തിന് സേവനം നൽകാൻ തയ്യാറായ മലയാളിയുടെ നേതൃത്വത്തിലുള്ള സ്ഥാപനമായ സ്പ്രിംഗ്ളറും പ്രതിപക്ഷ മാധ്യമ ആക്ഷേപത്തെ തുടർന്ന് പദ്ധതിയിൽനിന്ന് പിൻവാങ്ങിയിരുന്നു.