മലപ്പുറം> താനൂർ ഒട്ടുംപുറം പൂരപ്പുഴയിൽ അപകടത്തിൽപ്പെട്ട ‘അറ്റ്ലാന്റിക്’ ബോട്ടിന്റെ ഉടമ പാട്ടരകത്ത് നാസറിന് പൊലീസ് കൊലക്കുറ്റം ചുമത്തി. ഐപിസി 302, 280, 337, 338 വകുപ്പുകളാണ് ചുമത്തിയത്. ചൊവ്വാഴ്ച പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അറിഞ്ഞുകൊണ്ട് യാത്രക്കാരെ അപകടത്തിലേക്ക് തള്ളിവിട്ടെന്ന അന്വേഷക സംഘത്തിന്റെ നിഗമനത്തിലാണ് കൊലക്കുറ്റം.
അപകടത്തിനുപിന്നാലെ ഒളിവിൽപോയ നാസറിനെ കോഴിക്കോട് എലത്തൂരിലെ ബന്ധുവീട്ടിൽനിന്നാണ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച മലപ്പുറത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. ജില്ലാ പൊലീസ് മേധാവി എസ് സുജിത്ദാസിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തശേഷമാണ് ബോധപൂർവമായ നരഹത്യക്ക് കൊലക്കുറ്റം ചുമത്തി കോടതിയിൽ റിമാൻഡ് റിപ്പോർട്ട് നൽകിയത്. കൂടുതൽ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ബുധനാഴ്ച കോടതിയിൽ അപേക്ഷ നൽകും.
ബോട്ടിൽ ഡ്രൈവർ ദിനേശൻ ഉൾപ്പെടെ മൂന്ന് ജീവനക്കാരുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇവർ ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബോട്ട് കുസാറ്റിലെ വിദഗ്ധ സംഘം പരിശോധിക്കും. ഞായർ രാത്രി ഏഴേമുക്കാലോടെയാണ് ഒട്ടുംപുറം പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞത്. 22 പേർ മരിച്ചു. 10 പേർ ചികിത്സയിലാണ്.