കൊച്ചി> ഇന്നത്തെ മെട്രോ നഗരത്തിനപ്പുറം പോരാട്ടവും പാട്ടും കലയും ചേർന്ന സാംസ്കാരിക വൈവിധ്യങ്ങളുടെ ഇടംകൂടിയാണ് കൊച്ചി എന്ന അറിവുമായി ചരിത്രസത്യങ്ങൾക്ക് കാതോർത്ത് യുവത നടന്നു. കൊച്ചിയുടെ വൈവിധ്യങ്ങളിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോകാൻ കൊച്ചിയുടെ ചരിത്രകാരനും ചിത്രകാരനുമായ ബോണി തോമസും ഒപ്പം ചേർന്നു.
ഡിവൈഎഫ്ഐയുടെ യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള “കൊച്ചി കാലിഡോസ്കോപ്’ സാംസ്കാരികനടത്തം ഫോർട്ട് കൊച്ചി റോ–റോ ജെട്ടി പരിസരത്തുനിന്നാണ് തുടങ്ങിയത്. തീരത്തെ ചീനവലയ്ക്കരികിൽനിന്ന് കൊച്ചിൻ കോർപറേഷൻ കെട്ടിടം, കോഡർ ഹൗസ്, ഓൾഡ് ഹാർബർ ഹോട്ടൽ, ടവർഹൗസ്, വാസ്കോ ഡ ഗാമ സ്ക്വയർ, ബാസ്റ്റിൻ ബംഗ്ലാവ്, സെന്റ് ഫ്രാൻസിസ് ചർച്ച്, പരേഡ് ഗ്രൗണ്ട്, കൊച്ചിൻ ക്ലബ്, ഡേവിഡ് ഹാൾ, ഡച്ച് സെമിത്തേരി എന്നിവിടങ്ങളിലേക്കുള്ള നടത്തം അവസാനിച്ചത് സൗത്ത് ബീച്ച് പരിസരത്താണ്.
ഉദ്ഘാടനയോഗത്തിൽ ഡിവെെഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് അധ്യക്ഷനായി. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് നടത്തം ഫ്ലാഗ്ഓഫ് ചെയ്തു. യുവതയുടെ യാത്ര ഒരു രാഷ്ട്രീയ പ്രവർത്തനംകൂടിയാണെന്ന് ബോണി തോമസ് പറഞ്ഞു. യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ സ്വാഗതസംഘം ജനറൽ കൺവീനർ വി വസീഫ്, യുവജന കമീഷൻ അധ്യക്ഷൻ എം ഷാജർ, ഡിവെെഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ആർ രാഹുൽ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നിഖിൽ ബാബു, എൽ ആദർശ്, ബിബിൻ വർഗീസ്, ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്, പ്രസിഡന്റ് അനീഷ് എം മാത്യു, ജില്ലാ കമ്മിറ്റി അംഗം ചിഞ്ചു ബി കൃഷ്ണ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ എം റിയാദ് എന്നിവർ പങ്കെടുത്തു.