ലൊസ് ആഞ്ചലസ്> വേതനവർധന ആവശ്യപ്പെട്ട് ഹോളിവുഡ് എഴുത്തുകാർ നടത്തുന്ന സമരം ഒരാഴ്ച പിന്നിട്ടു. നെറ്റ്ഫ്ലിക്സ്, വാൾട്ട് ഡിസ്നി തുടങ്ങിയ കമ്പനികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക (ഡബ്ല്യുജിഎ) രണ്ടിന് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.
എഴുത്തുകാർ പണിമുടക്കിയതോടെ രാത്രി വൈകി സംപ്രേഷണം ചെയ്യേണ്ട ചർച്ചകൾ ഉൾപ്പെടെ നിർത്തിവയ്ക്കേണ്ടിവന്നു. ഗെയിം ഓഫ് ത്രോൺസ് ഉൾപ്പെടെയുള്ള സീരീസുകളുടെ ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്. സമരം തീരുംവരെ എഴുത്തുകാർ ജോലിക്കെത്തില്ലെന്ന് സീരീസിന്റെ പ്രധാന എഴുത്തുകാരൻ ജോർജ് ആർ ആർ മാർട്ടിൻ അറിയിച്ചു. ലൊസ് ആഞ്ചലസിൽ ഇല്ലാത്തതിനാൽ പ്രധാന പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാനാകില്ലെന്നും സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു.
സ്ട്രേഞ്ചർ തിങ്സുപോലുള്ള സീരീസുകളുടെയും ബ്ലേഡ് ഉൾപ്പെടെയുള്ള സിനിമകളുടെയും ഷൂട്ടിങ് നിർത്തിവച്ചു. സമരം നീതിയുക്തമായി അവസാനിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു.