ബത്തേരി > കോൺഗ്രസിന് അക്കൗണ്ടബിലിറ്റിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഉത്തരവാദിത്വമില്ലാത്ത സംവിധാനത്തിലൂടെയാണ് പാർടി പോകുന്നതെന്നും കൂട്ടിച്ചർത്തു. ബത്തേരിയിൽ കെപിസിസി നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ. പാർട്ടിയെ പ്രതീക്ഷിച്ച നിലയിൽ എത്തിക്കാനായില്ല. തന്റെ കഴിവ് കൊണ്ടല്ല, സാചര്യങ്ങളുടെ സമ്മർദ്ദമാണ് കാരണം. പുനഃസംഘടന പൂർത്തിയാക്കാൻ സാധിക്കാത്ത് സംഘടനയെ ദുർബലമാക്കി. പുനഃസംഘടന ഇപ്പോൾ ഉപസമിതിയുടെ മുന്നിലാണ്. നീണ്ടു പോകുകയാണ്.
പുനഃസംഘടന പൂർത്തിയാക്കാൻ സാധിച്ചിരുന്നെങ്കിൽ കോൺഗ്രസിന് പുതിയരൂപം വരുമായിരുന്നു. അതിനോട് സഹകരിക്കാത്തവരുണ്ട്. മെയ് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണം. യൂണിറ്റ് കമ്മറ്റികൾ(സിയുസി) പൂർത്തീകരിക്കാൻ സാധിക്കാത്തത് പാർടിയുടെ അടിത്തറ ദുര്‍ബലമാക്കിയെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ നേതൃസംഗമം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. എന്നാൽ കെ മുരളീധരൻ, ശശീതരൂർ, മുൻ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരന് എന്നിവര്‍ നേതൃയോഗത്തിന് എത്തിയില്ല.