തിരുവനന്തപുരം> സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ ഹൃദയശസ്ത്രക്രിയ നടത്തിയത് 5,805 കുട്ടികൾക്ക്. ഈ വർഷം മാത്രം 354 ശസ്ത്രക്രിയ നടത്തി. ഒരുവയസ്സിന് താഴെയുള്ള 109 കുഞ്ഞുങ്ങളും ഇതിൽപ്പെടും.
പദ്ധതിയിൽ ആകെ രജിസ്റ്റർ ചെയ്ത 17,256 കുട്ടികളിൽ 10,818 പേർ ഒരു വയസ്സിന് താഴെയുള്ളവരാണ്. ഈ വർഷം മാത്രം 1661 കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്. മേയിൽ രജിസ്റ്റർ ചെയ്ത 112 കുട്ടികളിൽ 60പേർക്കുള്ള ശസ്ത്രക്രിയ ഉടൻ നടക്കും.
സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുട്ടികളിലും പദ്ധതിയുടെ ഭാഗമായി പരിശോധന നടത്തുന്നുണ്ട്. രോഗനിർണയത്തിന് ശേഷം, രോഗ തീവ്രതയനുസരിച്ച് അടിയന്തര ശസ്ത്രക്രിയ വേണ്ടവരുടെ പട്ടിക തയാറാക്കും.
നവജാത ശിശുക്കൾ മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കായാണ് ഹൃദ്യം പദ്ധതി. ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാൽ പ്രസവം മുതലുള്ള തുടർ ചികിത്സകൾ പദ്ധതിയിൽ സൗജന്യമാണ്. ഇങ്ങനെയുള്ള 237 കേസാണ് രജിസ്റ്റർചെയ്തിട്ടുള്ളത്. പദ്ധതിയിൽ ഉൾപ്പെടുന്ന കുട്ടികളുടെ ചികിത്സയും ഹൃദയ ശസ്ത്രക്രിയയും പൂർണമായും സർക്കാർ ചെലവിലാണ് നടത്തുക.
പരിശോധിച്ച കുഞ്ഞുങ്ങൾ
പ്രായം എണ്ണം
ആറ് ആഴ്ച മുതൽ മൂന്ന് വയസ്സുവരെ 3,59,790
മൂന്നുമുതൽ ആറുവരെ 2,24,211
ആറുമുതൽ 18വരെ 10,52,136
2023ൽ ചെയ്തത് 354 ശസ്ത്രക്രിയ