ന്യൂഡൽഹി > ലോക മാധ്യമ സ്വാതന്ത്ര സൂചികയിൽ ഇന്ത്യ 161-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയത് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതി. ബിൽക്കിസ്ബാനു കേസിലെ പ്രതികൾക്ക് ശിക്ഷാഇളവ് നൽകിയത് ചോദ്യംചെയ്തുള്ള ഹർജിയിലെ വാദംകേൾക്കലിനിടെയാണ് ജസ്റ്റിസ് കെ എം ജോസഫ് മാധ്യമസ്വാതന്ത്രത്തിന്റെ കാര്യത്തിൽ രാജ്യം പിന്നോട്ടടിച്ചത് ചൂണ്ടിക്കാണിച്ചത്.
‘മാധ്യമ സ്വാതന്ത്രത്തിന്റെ കാര്യത്തിൽ നമ്മൾ ഇപ്പോൾ 161-ാം സ്ഥാനത്താണ്’- ജഡ്ജി പറഞ്ഞു. എന്നാൽ, ആരാണ് റാങ്ക് നൽകുന്നതെന്ന വസ്തുത കൂടി കണക്കിലെടുക്കണമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത വാദിച്ചു. കേസിലെ എതിർകക്ഷികളിൽ ചിലർക്ക് ഇനിയും നോട്ടീസ് കൈമാറാൻ കഴിയാത്ത സാഹചര്യത്തിൽ ഗുജറാത്തിലെ പ്രമുഖ പത്രങ്ങളിൽ അത് പരസ്യം ചെയ്ത് കൂടേയെന്ന് സുപ്രീംകോടതി ചോദിച്ചു. ഇതേതുടർന്നാണ് ജസ്റ്റിസ് കെ എം ജോസഫ് മാധ്യമസ്വാതന്ത്ര സൂചികയിലെ ഇന്ത്യ പിന്നിലായ വിഷയം ഉന്നയിച്ചത്. ഇംഗ്ലീഷ്, ഗുജറാത്തി പത്രങ്ങളിൽ നോട്ടീസ് പ്രസിദ്ധീകരിക്കാൻ കോടതി നിർദേശം നൽകി.
കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ജൂലൈ 11ലേക്ക് മാറ്റി. ജസ്റ്റിസ് കെ എം ജോസഫ് ജൂണിൽ വിരമിക്കുന്ന സാഹചര്യത്തിൽ കേസ് പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് പുതിയ ബെഞ്ച് രൂപീകരിക്കേണ്ടി വരും. തന്റെ ബെഞ്ച് കേസ് പരിഗണിക്കുന്നതിൽ കേന്ദ്രസർക്കാരിനും ഗുജറാത്ത് സർക്കാരിനും താൽപര്യമില്ലല്ലോയെന്ന ജസ്റ്റിസ് കെ എം ജോസഫിന്റെ പരാമർശം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.