വൈറ്റില
കേരളത്തിന്റെ ക്ഷേമപദ്ധതികളെയും വികസനപ്രവർത്തനങ്ങളെയും തകർക്കാൻ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു പറഞ്ഞു. സിപിഐ എം തൃക്കാക്കര ഏരിയ കമ്മിറ്റി വൈറ്റിലയിൽ സംഘടിപ്പിച്ച രണ്ടാമത് കെ കെ ശിവൻ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന്റെ ഭരണകാലത്ത് ഉപേക്ഷിച്ച ദേശീയപാത വികസനമടക്കമുള്ള പല പദ്ധതികളും എൽഡിഎഫ് നടപ്പാക്കി. കേരളത്തിലെ വികസനപ്രവർത്തനങ്ങൾക്ക് പണം തരാതെ കേന്ദ്രം കേരളത്തെ ഞെക്കിക്കൊല്ലാനാണ് ശ്രമിക്കുന്നത്. കേരളത്തിൽനിന്ന് വിജയിച്ചുപോയ 19 എംപിമാരും കേന്ദ്രത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുകയാണെന്നും പണം കൊടുത്ത് എംഎൽഎമാരെ വിലയ്ക്ക് വാങ്ങുന്ന പാർടിയാണ് ബിജെപിയെന്നും പി കെ ബിജു പറഞ്ഞു.
സി കെ മണിശങ്കർ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ, വി പി ചന്ദ്രൻ, ഡോ. ജോ ജോസഫ്, കൗൺസിലർ സി ഡി ബിന്ദു എന്നിവർ സംസാരിച്ചു. വൈറ്റില എംഗൽ സെന്ററിൽ വൈറ്റില ലോക്കൽ കമ്മിറ്റി നിർമിച്ച കെ കെ ശിവൻ സ്മാരക വായനശാലയും ജനസേവനകേന്ദ്രവും സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. എംഗൽസ് സെന്ററിൽ കെ കെ ശിവന്റെ ഛായാചിത്രം തൃക്കാക്കര ഏരിയ സെക്രട്ടറി എ ജി ഉദയകുമാർ അനാഛാദനം ചെയ്തു. ചടങ്ങിൽ പി ആർ സത്യൻ അധ്യക്ഷനായി. അനുസ്മരണത്തിന്റെ ഭാഗമായി റെഡ് വളന്റിയർ മാർച്ചും ബഹുജന റാലിയും തെരുവ് ശുചീകരണവുമുണ്ടായി.