മഞ്ചേരി
ഉള്ളിൽ കനലെരിയുകയാണ്; എങ്കിലും ഒരിറ്റു കണ്ണീരില്ല. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിക്കു മുന്നിൽ നിർവികാരനായി കാത്തുനിൽക്കുകയാണ് സൈനുൽ ആബിദ്. അകത്ത് ചേതനയറ്റ് ഭാര്യയും മൂന്ന് മക്കളും. ഒരു മകൻ കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടക്കിടെ വരുന്ന ഫോൺ വിളികളും കൂടെയുള്ളവരുടെ വാക്കുകളും കണികപോലും ആശ്വാസം നൽകുന്നില്ല.
പൂരപ്പുഴയിലുണ്ടായ ബോട്ട് ദുരന്തത്തിൽ ചെട്ടിപ്പടി വെട്ടിക്കാട്ടിൽ സൈനുൽ ആബിദിന് നഷ്ടമായത് ഭാര്യ ആയിഷാബീവി (35), മക്കളായ ആദില ഷെറിൻ (15), മുഹമ്മദ് അദ്നാൻ (10), മുഹമ്മദ് അഫ്ഹാൻ (മൂന്നര) എന്നിവരെ. മറ്റൊരു മകൻ മുഹമ്മദ് അഫ്റാസും (ആറ്) ഭാര്യയുടെ ഉമ്മ സുബൈദയും ആശുപത്രിയിലാണ്.
ഞായറാഴ്ച സൈനുൽ ആബിദ് പാലക്കാടായിരുന്നു. വൈകിട്ട് അപകട വാർത്തയറിഞ്ഞു. വാട്സാപ്പിൽ കിട്ടിയ വീഡിയോയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ആറു വയസുകാരൻ അഫ്റാസിനെ തിരിച്ചറിഞ്ഞു. നാട്ടിൽനിന്ന് ഫോൺ വിളികൾ വന്നുതുടങ്ങി. പിന്നീടൊരു ഓട്ടമായിരുന്നു. അതവസാനിച്ചത് കോട്ടക്കലെ ആശുപത്രിയിൽ. മകനെ കണ്ട് സംസാരിച്ചു. ഡോക്ടർമാരോട് വിവരങ്ങൾ അന്വേഷിച്ചു. അവിടെനിന്ന് താനൂരിലേക്ക്. ആശുപത്രിയിലെ കാഴ്ച താങ്ങാവുന്നതിനുമപ്പുറം. കരയാൻപോലുമാകാതെ പിന്നെയൊരു രാവും പകലും.
‘‘എന്താ സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. ഒരു മകൻ ആദിൽ എന്റെ കൂടെ പാലക്കാട്ടേക്ക് വന്നിരുന്നു. ഇല്ലെങ്കിൽ അവനും…’’ സൈനുൽ ആബിദ് പറഞ്ഞുനിർത്തി. തിങ്കൾ രാവിലെ 8.40ഓടെ പോസ്റ്റ്മോർട്ടം നടപടികൾ തീർന്നു. മൃതദേഹങ്ങൾ ആംബുലൻസിൽ കയറ്റി മടങ്ങുമ്പോഴും സൈനുൽ ആബിദിന്റെ മുഖത്ത് നിർവികാരത തളംകെട്ടി.