താനൂർ
അപ്രതീക്ഷിതമായുണ്ടായ ബോട്ട് അപകടത്തിൽ പകച്ചുനിൽക്കാതെ സർക്കാർ സംവിധാനങ്ങൾക്കൊപ്പം പ്രദേശവാസികളും ഒത്തുചേർന്നത് രക്ഷാപ്രവർത്തനം അതിവേഗത്തിലാക്കി. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, അഗ്നിരക്ഷാ വിഭാഗം മേധാവി ബി സന്ധ്യ, എഡിജിപി എം ആർ അജിത്കുമാർ, ജില്ലാ പൊലീസ് മേധാവി എസ് സുജിത്ദാസ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകി. തൃശൂരിൽനിന്നുള്ള എൻഡിആർഎഫ് സംഘവും ഞായർ രാത്രിമുതൽ സജീവമായിരുന്നു. തിങ്കൾ രാവിലെ കൊച്ചിയിൽനിന്ന് നാവികസേനയുടെ 15 അംഗ സംഘമെത്തി. മത്സ്യത്തൊഴിലാളികളും കർമനിരതരായി രംഗത്തുണ്ടായിരുന്നു.
താനൂർ നിലയത്തിൽനിന്നുള്ള അഗ്നിരക്ഷാസേനയാണ് ആദ്യം കുതിച്ചെത്തിയത്. പിന്നാലെ ജില്ലാ ഫയർ ഓഫീസറുടെ ചുമതലയുള്ള മൂസാ വടക്കേതിന്റെ നേതൃത്വത്തിൽ മലപ്പുറം, തിരൂർ, പൊന്നാനി, തിരുവാലി, മീഞ്ചന്ത നിലയങ്ങളിൽനിന്നുള്ള സ്കൂബാ സംഘം രക്ഷാപ്രവർത്തനം വേഗത്തിലാക്കി. ഫോർട്ട് കൊച്ചിയിലെ ഫയർ സർവീസിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും അഞ്ച് ഡൈവർമാരും പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് പ്രത്യേക പരിശീലനം നേടിയ സ്കൂബാ ഡൈവർമാരും സ്ഥലത്തെത്തി.
അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താനും മൃതദേഹം പുറത്തെടുക്കാനും ബോട്ട് കരയ്ക്ക് എത്തിക്കാനുമെല്ലാം നാട്ടുകാരും അഗ്നിരക്ഷാസേനയും ട്രോമ കെയർ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരുമെല്ലാം സജീവമായിരുന്നു. സർക്കാർ ആംബുലൻസുകൾക്ക് പുറമേ സ്വകാര്യ ആശുപത്രികളുടെയും സന്നദ്ധ സംഘടനകളുടെയും ആംബുലൻസുകൾ ഉപയോഗിച്ചു. മന്ത്രിമാർക്ക് പുറമെ പി നന്ദകുമാർ, കെ ടി ജലീൽ അടക്കമുള്ള ജില്ലയിലെ എംഎൽഎമാരും എംപിമാരും ജനപ്രതിനിധികളുമെല്ലാം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.