കൊൽക്കത്ത
പഞ്ചാബ് കിങ്സിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി. ജയത്തോടെ അഞ്ചാംസ്ഥാനത്തേക്ക് മുന്നേറി.ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ നേടിയത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 179 റൺ. ക്യാപ്റ്റൻ ശിഖർ ധവാൻ അർധ സെഞ്ചുറി നേടി. ഒമ്പത് ഫോറും ഒരു സിക്സറും അകമ്പടിയായി 47 പന്തിൽ 57 റൺ.
എട്ടാംവിക്കറ്റിൽ ഷാരൂഖ് ഖാനും (എട്ട് പന്തിൽ 21) ഹർപ്രീത് ബ്രാറും (ഒമ്പത് പന്തിൽ 17) അവസാന 2.4 ഓവറിൽ 40 റണ്ണടിച്ച് രക്ഷകരായി. കൊൽക്കത്തക്കായി സ്പിന്നർ വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റെടുത്തു.മറുപടിക്കെത്തിയ കൊൽക്കത്ത അവസാനഘട്ടത്തിൽ ആന്ദ്രേ റസെലിന്റെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിന്റെ ബലത്തിൽ ജയംനേടി. അവസാന പന്ത് ഫോർ പായിച്ച് റിങ്കു സിങ്ങാണ് ജയമൊരുക്കിയത്. 23 പന്തിൽ 42 റണ്ണാണ് റസെൽ നേടിയത്. ഇതിൽ മൂന്ന് വീതം സിക്സറും ഫോറും ഉൾപ്പെട്ടു. സാം കറൻ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ 20 റണ്ണാണ് അടിച്ചുകൂട്ടിയത്. ഇരുപതാം ഓവറിൽ അർഷ്ദീപ് സിങ്ങ് മികച്ച രീതിയിൽ പന്തെറിഞ്ഞു. ഇതിനിടെ റസെൽ റണ്ണൗട്ടായി. അവസാന പന്തിൽ പക്ഷേ, റിങ്കുവിന് പിഴച്ചില്ല.
ക്യാപ്റ്റൻ നിതീഷ് റാണ 38 പന്തിൽ 51 റണ്ണെടുത്തു. 53 റണ്ണിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട പഞ്ചാബിനെ ധവാനും വിക്കറ്റ് കീപ്പർ ജിതേഷ് ശർമയും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. നാലാം വിക്കറ്റിൽ ഇരുവരും 53 റൺ നേടി. ജിതേഷ് 18 പന്തിൽ 21 റണ്ണിൽ അവസാനിച്ചു. ടീമിനെ മുന്നോട്ട് നയിക്കുന്നതിനിടെ ധവാനെ വീഴ്ത്തി കൊൽക്കത്ത കളി പിടിച്ചു. വാലറ്റത്ത് ഷാരൂഖ് ഖാനും ഹർപ്രീത് ബ്രാറും വമ്പനടിയുമായി സ്കോർ ഉയർത്തിയതോടെ പഞ്ചാബ് കുതിച്ചു. ഷാരൂഖ് ഖാൻ മൂന്ന് ഫോറും ഒരു സിക്സറുമടിച്ചു. ഹർപ്രീത് രണ്ട് ഫോറും ഒരു സിക്സറും നേടി.