കൊച്ചി
വർഗീയതയ്ക്ക് എതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്ന് കെജിഒഎ സംസ്ഥാന സമ്മേളനം ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇതിനായുള്ള പ്രചാരണങ്ങൾ ഏറ്റെടുക്കണമെന്നും പ്രമേയത്തിലൂടെ അഭ്യർഥിച്ചു. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (എറണാകുളം ടൗൺഹാൾ) മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിന് തിങ്കളാഴ്ച സമാപനമായി.
വർഗീയതയുടെ വർത്തമാനം എന്ന വിഷയത്തിൽ പ്രൊഫ. വി കാർത്തികേയൻനായർ പ്രഭാഷണം നടത്തി. സംസ്ഥാന സർക്കാർ ജീവനക്കാരുടെ അഖിലേന്ത്യാ ഫെഡറേഷൻ ജനറൽ സെക്രട്ടറി എ ശ്രീകുമാർ സംസാരിച്ചു.
യാത്രയയപ്പ് സമ്മേളനം കൊച്ചി മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം എ നാസർ അധ്യക്ഷനായി. സർവീസിൽനിന്ന് വിരമിച്ച സംഘടനയുടെ നേതാക്കളായ പി എസ് പ്രിയദർശനൻ, കെ സതീശൻ, ആർ അർജുനൻപിള്ള, ഡയന്യൂസ് തോമസ്, ഡോ. വി പി മോഹൻദാസ്, പി ബീന, എ അരവിന്ദ്, പി എൻ സജി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഡോ. എസ് ആർ മോഹന ചന്ദ്രൻ സ്വാഗതവും സംസ്ഥാന സെക്രട്ടറി എം ഷാജഹാൻ നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം എൻ ശരത് ചന്ദ്രലാൽ ക്രഡൻഷ്യൽ റിപ്പോർട്ടും എറണാകുളം ജില്ലാ സെക്രട്ടറി എം എം മത്തായി നന്ദിപ്രമേയവും അവതരിപ്പിച്ചു.